മറിയാമ്മ സണ്ണി
എരുമേലി: പഞ്ചായത്ത് മുൻ പ്രസിഡന്റ് മറിയാമ്മ സണ്ണിയെ (സുബി) സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ ആറ് വർഷത്തേക്ക് അയോഗ്യയാക്കി. കോൺഗ്രസ് നൽകിയ പരാതിയിലാണ് ഉത്തരവ്.
സുബി സണ്ണി പഞ്ചായത്ത് അംഗത്വവും പ്രസിഡന്റ് പദവിയും വഹിച്ച കാലയളവിൽ കൈപ്പറ്റിയ ഓണറേറിയം, സിറ്റിംഗ് ഫീസ്, യാത്രാബത്ത എന്നിവ സർക്കാർ തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് എരുമേലി പഞ്ചായത്തംഗം ബിനോയ് ഇലവുങ്കൽ മുൻ അംഗം മാത്യു ജോസഫ് എന്നിവർ അറിയിച്ചു.
യുഡിഎഫ് മുന്നണിയിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച സുബി സണ്ണി പഞ്ചായത്ത് പ്രസിഡന്റാവുകയും തുടർന്ന് മുന്നണി ധാരണപ്രകാരം സ്ഥാനം ഒഴിയുകയും ചെയ്തിരുന്നു.
പിന്നീട് ഭരണസമിതിക്കെതിരേ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിന് അനുകൂലമായി പാർട്ടി വിപ്പ് ലംഘിച്ച് വോട്ട് ചെയ്യുകയും ഇടതുപക്ഷ പിന്തുണയിൽ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെത്തുകയും ചെയ്തു.
ഇതിനെതിരേ കോൺഗ്രസ് 2024 നവംബർ ഒന്നിന് തെരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ പരാതിയിലാണ് ഇപ്പോൾ തീർപ്പുണ്ടായത്.
വിശദീകരണം ചോദിച്ചില്ല
താൻ അന്നും ഇന്നും കോൺഗ്രസ് നേതൃത്വം നൽകുന്നതും ഇടതുപക്ഷ പാർട്ടികൾ ഉൾപ്പെടുന്നതുമായ ഇന്ത്യാ സഖ്യത്തിലെ അംഗമാണെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരണം ചോദിക്കാതെയാണ് അയോഗ്യത കൽപ്പിച്ചതെന്നും മറിയാമ്മ സണ്ണി പ്രതികരിച്ചു.
Tags : NattuVishesham DistrictNews