കുറവിലങ്ങാട് പള്ളിയിൽ സന്ദർനത്തിനെത്തിയ ആർച്ച്ബിഷപ് ഫ്ലാവിയോ പേസ് ആർച്ച്പ്രീസ്റ്റ് ഫാ.ഡോ. തോമസ് മേനാച്ചേരിയോട് ന സ്രാണി മഹാസംഗമത്തെക്കുറിച്ച് ചോദിച്ചറിയുന്നു.
കുറവിലങ്ങാട്: ലെയോ പതിനാലാമൻ മാർപാപ്പയുടെ സൗഖ്യത്തിനായി കുറവിലങ്ങാട് മുത്തിയമ്മയ്ക്കരുകിൽ പ്രാർഥിച്ച് ഇറ്റാലിയൻ ആർച്ച്ബിഷപ്. ക്രൈസ്തവ ഐക്യം പ്രോത്സാഹിപ്പിക്കുന്ന വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ സെക്രട്ടറി ആർച്ച്ബിഷപ് ഫ്ലാവിയോ പേസാണ് കുറവിലങ്ങാട് പള്ളി സന്ദർശിച്ചത്.
ഇന്നലെ വൈകുന്നേരം പള്ളിയിലെത്തിയ ആർച്ച്ബിഷപ് അദ്ഭുത ഉറവയിലെ വെള്ളം കുടിച്ചും ചെറിയ പള്ളിയിലെ വിളക്കിൽ എണ്ണയൊഴിച്ചും പ്രത്യേകം പ്രാർഥന നടത്തി. രണ്ടു സ്ഥലങ്ങളിലും മാർപാപ്പയുടെ സൗഖ്യത്തിനായി ഇക്കാര്യങ്ങൾ ചെയ്യുന്നുവെന്ന് ആർച്ച്ബിഷപ് വ്യക്തമാക്കി. മാർപാപ്പയ്ക്കായി പ്രത്യേകം പ്രാർഥിക്കണമെന്ന ആഹ്വാനവും ആർച്ച്ബിഷപ് നൽകി.
ക്രൈസ്തവ സഭകളുടെ ഐക്യം സംബന്ധിച്ച ചർച്ചകൾക്കായാണ് ആർച്ച്ബിഷപ് ഇന്ത്യയിൽ എത്തിയത്. വിവിധ ക്രൈസ്തവ വിഭാഗങ്ങൾ കുറവിലങ്ങാട്ട് ഒരുമിച്ച് സമ്മേളിച്ച നസ്രാണി മഹാസംഗമത്തിന്റെ സ്മാരക ശിലാഫലകം ആർച്ച്ബിഷപ്പിന് പ്രത്യേക പഠന വിഷയമായി മാറി. നസ്രാണി മഹാസംഗമത്തെക്കുറിച്ച് ആർച്ച്പ്രീസ്റ്റ് ഫാ.ഡോ. തോമസ് മേനാച്ചേരിയോട് ആർച്ച്ബിഷപ് വിശദമായി ചോദിച്ചറിഞ്ഞു.
പൗരസ്ത്യസഭകൾക്കായുള്ള ഡിക്കാസ്റ്ററിയുടെ അണ്ടർ സെക്രട്ടറിയായും ആർച്ച്ബിഷപ് ഫ്ലാവിയോ പേസ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സീരി കോട്ടയം ഡയറക്ടർ ഫാ.ഡോ. ജേക്കബ് തെക്കേപ്പറമ്പിലും ആർച്ച്ബിഷപ്പിനൊപ്പം എത്തിയിരുന്നു. സീനിയർ അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് മണിയഞ്ചിറ, അസിസ്റ്റന്റ് വികാരിമാരായ ഫാ. ജോസഫ് ചൂരയ്ക്കൽ, ഫാ. ജോവാനി കുറവാച്ചിറ, ഫാ. ജോർജ് ചാത്തൻകുന്നേൽ, പാസ്റ്ററൽ അസിസ്റ്റന്റ് ഫാ. ജോസ് കോട്ടയിൽ, കൈക്കാരന്മാർ എന്നിവർ ചേർന്ന് ആർച്ച്ബിഷപ്പിനെ സ്വീകരിച്ചു.
Tags : NattuVishesham DistrictNews