പ്രതീകാത്മക ചിത്രം
അടൂര്: എംഡിഎംഎ കേസിലെ പ്രതികള്ക്ക് പണം അയച്ചുനല്കിയെന്നാരോപിച്ച് യുവാവിനെ ആളുമാറി പൊലിസ് കസ്റ്റഡിയിലെടുത്തതായി പരാതി. അഞ്ചു മണിക്കൂറോളം കസ്റ്റഡിയില് വച്ചശേഷം അന്വേഷിക്കുന്നയാള് ഇയാളല്ലെന്ന് തിരിച്ചറിഞ്ഞതോടെ വിട്ടയച്ചെന്നാണ് ആരോപണം. കസ്റ്റഡിയിലെടുക്കുന്നതിനിടെ പൊലിസ് മര്ദിച്ചതായും യുവാവ് പരാതിപ്പെട്ടു.
ഡിവൈഎഫ്ഐ പറക്കോട് മേഖലാ കമ്മിറ്റിയംഗം അടൂര് പറക്കോട് സുബൈര് മന്സിലില് അഫ്സലിനെയാണ് (28) എറണാകുളം പാലാരിവട്ടം പൊലിസ് ബുധനാഴ്ച രാവിലെ 10.30ന് വീട്ടില്നിന്ന് കസ്റ്റഡിയിലെടുത്തത്. 2025ൽ പാലാരിവട്ടം പൊലിസ് പിടികൂടിയ എംഡിഎംഎ കേസിലെ പ്രതികള്ക്ക് അഫ്സലിന്റെ ബാങ്ക് അക്കൗണ്ടില്നിന്ന് 34,000 രൂപ അയച്ചുനല്കിയെന്നാണ് പൊലിസ് പറഞ്ഞതെന്ന് അഫ്സല് ആരോപിച്ചു. എന്നാല്, അത്തരമൊരു ബാങ്ക് അക്കൗണ്ട് തനിക്കില്ലെന്ന് വ്യക്തമാക്കിയിട്ടും പൊലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നാണ് യുവാവിന്റെ ആരോപണം.
വീട്ടില്നിന്ന് കൈവിലങ്ങണിയിച്ച് കൊണ്ടുപോകുന്നതിനിടെ പാലാരിവട്ടം പൊലിസിനൊപ്പമുണ്ടായിരുന്ന അടൂര് സ്റ്റേഷനിലെ സിവില് പൊലിസ് ഓഫീസര് മര്ദിച്ചെന്നും അമ്മയെ പിടിച്ചുതള്ളിയെന്നും അഫ്സല് പറഞ്ഞു. തുടര്ന്ന് അടൂര് പൊലിസ് സ്റ്റേഷനിലെത്തിച്ചശേഷം നൂറനാട് ഭാഗത്തെ സര്ക്കാര് ആശുപത്രിയില് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയി.
ഇതിനിടെയാണ് പൊലിസ് അന്വേഷിക്കുന്ന വ്യക്തിയല്ല അഫ്സലെന്ന് തിരിച്ചറിഞ്ഞതെന്നാണ് പരാതി. തുടര്ന്ന് നൂറനാട് പൊലിസ് സ്റ്റേഷനിലെത്തിച്ച് ഉപദ്രവിച്ചിട്ടില്ലെന്ന് രേഖപ്പെടുത്തിയശേഷം വിട്ടയച്ചുവെന്നും അഫ്സല് പറഞ്ഞു.
അവശനിലയിലായതോടെ അടൂരിലുള്ള സുഹൃത്തുക്കളെ നൂറനാട്ടേക്ക് വിളിച്ചുവരുത്തി അവരുടെ വാഹനത്തില് അടൂര് ജനറല് ആശുപത്രിയിലെത്തി ചികിത്സ തേടി. മര്ദനത്തില് കാലിനും മുഖത്തും പരിക്കേറ്റതായും അഫ്സല് ആരോപിച്ചു. സംഭവത്തില് പരാതി നല്കുമെന്ന് അഫ്സല് അറിയിച്ചു.