രഞ്ജീഷ്
ആലപ്പുഴ: യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് പത്തു വർഷം കഠിനതടവും അഞ്ചു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. എറണാകുളം ഇലഞ്ഞി പഞ്ചായത്ത് ആറാം വാർഡിൽ നടുവിലേഴത്ത് രഞ്ജീഷി(25)നാണ് ശിക്ഷ വിധിച്ചത്. 2015 നവംബർ 11നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.
വൈകിട്ട് കൊച്ചിയിൽനിന്നും ജോലി കഴിഞ്ഞ് ട്രെയിനിൽ ചേർത്തല റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി സ്കൂട്ടറിൽ വീട്ടിലേക്കുപോയ യുവതിയെയാണ് ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ആലപ്പുഴ അസി. സെഷൻസ് കോടതി ജഡ്ജി എ. ഇന്ദുചൂടനാണ് ശിക്ഷാവിധി പ്രസ്താവിച്ചത്. പരിക്കേറ്റ യുവതിക്ക് കോമ്പൻസേഷൻ നൽകുന്നതിന് ലീഗൽ എയ്ഡ് സെല്ലിനെ സമീപിക്കുന്നതിനും ഉത്തരവായി.
യുവതിയുടെ മൊഴിയും ദേഹസ്ഥിതിയും ചേർത്തല സ്റ്റേഷൻ സിവിൽ പൊലിസ് ഓഫീസർ ഓമനയമ്മ രേഖപ്പെടുത്തി. എസ്ഐ ഇ.ഡി. ബിജു എഫ്ഐആർ രജിസ്റ്റർ ചെയുകയും ചേർത്തല സിഐ വി.എസ്. നവാസ് കേസ് അന്വേഷണം ഏറ്റെടുത്ത് പ്രതിയെ അറസ്റ്റ് ചെയുകയും ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയും ചെയ്തു.
സംഭവത്തിൽ പ്രതിക്കേറ്റ ആസിഡ് പൊള്ളൽ കേസിൽ നിർണായക തെളിവായി മാറി. കേസിൽ 38 സാക്ഷികളെയും 41 രേഖകളും 23 തൊണ്ടി മുതലും പ്രോസിക്യൂഷൻ തെളിവിലേക്ക് ഉപയോഗിച്ചു. സിഐ ടോമി സെബാസ്റ്റ്യനും വി.പി മോഹൻലാലും ചേർന്ന് കുറ്റപത്രം ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി അഡീഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി. പ്രവീൺ ഹാജരായി. തുടർന്ന് പ്രതിയെ ജില്ലാ ജയിലിലേക്ക് അയച്ചു.
Tags : NattuVishesham DistrictNews