പ്രതീകാത്മക ചിത്രം
കോവളത്ത് രഹസ്യ യോഗം ചേർന്നു
കോവളം: മധുര കേന്ദ്രമായി പ്രവർത്തിക്കുന്ന വൻ പണംതട്ടിപ്പ് മാഫിയ സംഘം തിരുവനന്തപുരം ജില്ലയിൽ സജീവമാകുന്നു. മോഹന വാഗ്ദാനങ്ങളിൽ മയങ്ങി നിരവധിപേർ ലക്ഷങ്ങൾ സംഘങ്ങൾക്ക് നൽകി കാത്തിരിക്കുന്നതായും പറയപ്പെടുന്നു.
ചെറിയ തുകകൾ മുൻകൂറായി കൈപ്പറ്റിയശേഷം ലക്ഷക്കണക്കിനു രൂപ തിരികെ നൽകാമെന്ന് ഉറപ്പുനൽകി നിഷ്കളങ്കരായ ജനങ്ങളെ വഞ്ചിക്കുന്ന തട്ടിപ്പ് സംഘങ്ങളാണ് ജില്ലയിൽ വീണ്ടും സജീവമാകുന്നത്.
ആകർഷകമായ സ്കീമുകളുടെയും ലളിതമായ നിക്ഷേപ മാർഗങ്ങളുടെയും പേരിലാണു സംഘം ആളുകളെ വലയിലാക്കുന്നത്. 20,000 രൂപ നൽകിയാൽ ആഴ്ചകൾക്കുള്ളിൽ ലക്ഷങ്ങൾ തിരികെ ലഭിക്കുമെന്നും ലക്ഷങ്ങൾ നൽകുന്നവർക്ക് കോടികൾ വാഗ്ദാനം ചെയ്തു മാണു സംഘം ആളുകളെ തട്ടിപ്പിനിരയാക്കുന്നത്.
"അബ്ദുൾ കലാം പ്രോജക്ട്', "ഇറിഡിയം പ്രോജക്ട്' എന്നീ വ്യാജ പേരുകളിലാണ് ഇവർ തട്ടിപ്പ് നടത്തുന്നത്. ബാങ്ക് അക്കൗണ്ടുകൾ വഴിയും നേരിട്ടും ഏജന്റുമാർ മുഖേനയും ഇവർ പണം കൈപ്പറ്റുന്നുണ്ട്. പണം നിക്ഷേപിച്ചവർ തുക തിരികെ ചോദിക്കുമ്പോൾ വിചിത്രമായ കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറുന്നതാണ് സംഘത്തിന്റെ രീതി. ആളുകളെ വലയിലാക്കാൻ പ്രത്യേക ഏജന്റുമാരും ജില്ലയിലുടനീളം പ്രവർത്തിക്കുന്നുണ്ട്.
രണ്ടു ദിവസം മുൻപ് കോവളത്തെ പ്രമുഖ സ്വകാര്യ ഹോട്ടലിൽ സംഘം രഹസ്യയോഗം സംഘടിപ്പിച്ചതായും അറിയു ന്നു. രാവിലെയും ഉച്ചയ്ക്കുമായി നടന്ന യോഗങ്ങളിൽ എഴുപതോളം പേർ പങ്കെടുത്തതായാണ് പുറത്തുവന്ന വിവരം. റിസർവ് ബാങ്ക് ഒരു കോടി രൂപ അനുവദിച്ച് ഉത്തരവായിട്ടുണ്ടെന്നും ഇതു കൈപ്പറ്റാനുള്ള അന്തിമ കരാറിൽ ഒപ്പിടണമെന്നും വിശ്വസിപ്പിച്ചായിരുന്നു സംഘം കോവളത്ത് രഹസ്യയോഗം വിളിച്ച് ചേർന്നതെന്നും പറയപ്പെടുന്നു. തട്ടിപ്പ് സംഘത്തിൽപ്പെട്ട പത്തോളം പേർ നേരിട്ടെത്തിയാണ് യോഗത്തിന് നേതൃത്വം നൽകിയത്.
ഒരു ചെറിയ തുക നിക്ഷേപിച്ചാൽ ഏതാനും ദിവസങ്ങൾക്കോ മാസങ്ങൾക്കോ ഉള്ളിൽ വൻതുക തിരികെ ലഭിക്കുമെന്ന വ്യാജ വാഗ്ദാനമാണ് ഇവർ നൽകുന്നത്. ആരംഭത്തിൽ ചിലർക്ക് വിശ്വാസ്യത വരുത്താൻ ചെറിയ ലാഭവിഹിതം നൽകുമെങ്കിലും കൂടുതൽ ആളുകളിൽനിന്ന് വൻ തുകകൾ പിരിച്ചെടുത്തശേഷം മുങ്ങുകയാണ് പതിവ്. വ്യക്തിപരമായ ബന്ധങ്ങൾ ഉപയോഗപ്പെടുത്തിയുമാണ് ഇവരുടെ പ്രവർത്തനം. സാധാരണക്കാരാണ് ഇത്തരക്കാരുടെ പ്രധാന ഇരകൾ.
Tags : Nattuvishesham DistrictNews DeepikaNews financial fraud