പയ്യന്നൂര്‍: കാര്‍ഷിക മേഖലയെ മുച്ചൂടും മുടിപ്പിക്കുന്നതിനൊപ്പം മനുഷ്യരിൽ ഏറെ ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കുന്ന ആഫ്രിക്കൻ ഒച്ചുകൾ പെരുകുന്നു. സംസ്ഥാന വ്യാപകമായ ആഫ്രിക്കൻ ഒച്ചു ശല്യം രൂക്ഷമാണ്. ഇവ ഒറ്റത്തവണ ഇരുന്നൂറ് മുതൽ അഞ്ഞൂറ് വരെ മുട്ടകളിടും. ആറുതവണ വരെ മുട്ടകളിടുന്ന ഒരു ആഫ്രിക്കൻ ഒച്ച് ആകെ മൂവായിരത്തോളം മുട്ടകളിടും. ഏഴു ദിവസംകൊണ്ട് മുട്ടകൾ വിരിഞ്ഞു കുഞ്ഞുങ്ങൾ പുറത്തുവരും.
സസ്യങ്ങളുടെ ഇലകളും തണ്ടും തിന്ന് വളരുന്ന ഇവ ആറുമാസം കൊണ്ട് പൂർണ വളർച്ചയെത്തും. വാഴ, ചേമ്പ്, ചേന തുടങ്ങിയ വിളകള്‍ ഒറ്റരാത്രികൊണ്ടു തന്നെ ഇവ തിന്നുതീർക്കും. വെയിലിന് ചൂടേറുന്പോൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി രാത്രിയാണ് പുറത്തിറങ്ങുക. നനവുള്ള മണ്ണിൽ കഴിയുന്ന ഇവ വേനൽക്കാലമാകുന്പോഴേക്കും മണ്ണിനടിയിലേക്ക് പോയി സുഷുപ്താവസ്ഥയിൽ കഴിയും. പിന്നീട് മഴക്കാലമാകുന്നതോടെയാണ് പുറത്തുവരിക.
ആഫ്രിക്കന്‍ ഒച്ചുകളുടെ പ്രജനന രീതിതന്നെയാണ് അതിവേഗ വ്യാപനത്തിനാധാരം. ഏഴുദിവസം കൊണ്ട് ഇവയുടെ മുട്ട വിരിയുകയും ആറുമാസം കൊണ്ട് പൂര്‍ണ വളര്‍ച്ചയെത്തുകയും ചെയ്യും. ഇതിന്റെ കട്ടിയുള്ള പുറന്തോട് നിര്‍മാണത്തിനായി കാല്‍സ്യം ആവശ്യമായതിനാല്‍ വാഴ, ചേമ്പ്, ചേന തുടങ്ങിയ കാര്‍ഷിക വിളകള്‍ ഒറ്റരാത്രികൊണ്ട് തിന്നുതീര്ക്കുന്നതിനാലാണ് ഇവ കാര്‍ഷിക മേഖലയുടെ അന്തകനായി മാറുന്നത്. മാലിന്യമുള്ളിടങ്ങളിലാണ് ഇവ കൂടുതലും കാണപ്പെടുന്നത്.
ഏതോ സാഹചര്യത്തിൽ കേരളത്തിൽ എത്തിയ ആഫ്രിക്കൻ ഒച്ചുകൾ പെട്ടെന്ന് പെരുകയായിരുന്നു. ആഫ്രിക്കൻ ഒച്ചുകളെ കാട്ടുപന്നി, ഉപ്പന്‍ (ചെമ്പോത്ത്), പന്നിയെലി എന്നിവയും ചെറിയ ഒച്ചുകളെ കോഴി, താറാവ് എന്നിവയും തിന്നാറുണ്ട്. എന്നാൽ, ഒച്ചുകളുടെ ശരീരത്തിലെ സ്രവത്തിൽ നിരവധി രോഗകാരികളായ വിരകളുടെ മുട്ടകൾ, ബാക്ടീരിയകൾ എന്നിവ ഉള്ളതിനാൽ ഒച്ചുകളെ തിന്ന കോഴി, താറാവ് എന്നിവയുടെ മാംസം ഉപയോഗിക്കുന്നവരിൽ ഏതെങ്കിലും തരത്തിലുള്ള രോഗ സാധ്യത കൂടുതലാണെന്ന് പരിസ്ഥിതി പ്രവർത്തകനും ആഫ്രിക്കൻ ഒച്ചുകളെക്കുറിച്ച് ഗവേഷണം നടത്തുകയും ചെയ്യുന്ന ഇ. ഉണ്ണികൃഷ്ണൻ പറഞ്ഞു. കൂടാതെ, ആഫ്രിക്കൻ ഒച്ചുകളുടെ ശരീരത്തിലെ സ്രവം മനുഷ്യരിൽ തലച്ചോർ സംബന്ധമായ ഗുരുതര രോഗങ്ങളിലേക്ക് നയിക്കാനും സാധ്യതയുണ്ടെന്ന് ഇദ്ദേഹം പറഞ്ഞു.
നിലവിൽ ഇന്ത്യയിൽ അരുണാചല്‍പ്രദേശിലും ഡെറാഡൂണിലുമൊഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും ആഫ്രിക്കന്‍ ഒച്ചുകളെത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തിയത്. മാരക രാസ വസ്തുക്കള്‍ ഇവയുടെ നശീകരണത്തിന് ഉപയോഗിക്കാമെങ്കിലും അത് പരിസ്ഥിതിയെ ബാധിക്കും.
തുരിശും പുകയിലക്കഷായവും ചേര്‍ന്ന മിശ്രിതം സ്പ്രേ ചെയ് ഇവയെ നശിപ്പിക്കാം. കൂടാതെ, ആഫ്രിക്കൻ ഒച്ചുകളെ ശേഖരിച്ച് വലിയ കുഴികുത്തി അതിൽ ഉപ്പ് വിതറിയും ഇവയെ ഉന്മൂലനം ചെയ്യാം.
കാർഷിക മേഖലയ്ക്കും മനുഷ്യരാശിക്കും ഭീഷണിയാകുന്ന ആഫ്രിക്കൻ ഒച്ചുകളുടെ നിയന്ത്രണത്തിന് ജനകീയ കൂട്ടായ്മ ഉറപ്പാക്കിയുള്ള സർക്കാർ ഇടപെടൽ അനിവാര്യമാണെന്നും ഇ. ഉണ്ണികൃഷ്ണൻ പറഞ്ഞു.
ആഫ്രിക്കന്‍ ഒച്ചിനെ തുരത്താന്‍ നാട്ടുകാര്‍ രംഗത്ത്
പയ്യന്നൂര്‍: ആഫ്രിക്കന്‍ ഒച്ചിനെ തുരത്താന്‍ വെള്ളൂരിലെ നാട്ടുകാര്‍ രംഗത്തിറങ്ങി. വെള്ളൂര്‍ ജനകീയ കലാസമിതിയുടെയും കുടക്കത്ത് ക്ഷേത്ര പരിസരത്തുമായി നടന്ന ഒച്ച് നശീകരണ പ്രവര്‍ത്തനത്തിന് വാര്‍ഡ് കൗണ്‍സിലര്‍ സി. ചന്ദ്രന് നേതൃത്വം നല്കി. കഴിഞ്ഞദിവസം കൗണ്‍സിലര്‍മാരായ സി. ചന്ദ്രന്, കെ.പി. ജ്യോതി എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ യോഗം ചേര്‍ന്നിരുന്നു. പരിസ്ഥിതി പ്രവര്ത്തകന് ഇ. ഉണ്ണികൃഷ്ണന് ഒച്ചുകളുടെ വ്യാപനമുണ്ടാക്കുന്ന പ്രശ്നങ്ങളെപ്പറ്റി ക്ലാസെടുത്തു.
തുരിശുലായനിയുടെയും പുകയില കഷായത്തിന്റെയും മിശ്രിതം സ്പ്രേ ചെയ്താണ് ഒച്ചുകളെ തുരത്തുന്ന പ്രവര്‍ത്തനം നടത്തിയത്. കൃഷിക്കും പരിസ്ഥിതിക്കും ദോഷകരമാകുന്ന ആഫ്രിക്കന്‍ ഒച്ചിനെ നശിപ്പിക്കാന്‍ പ്രത്യേകം ഇടപെടല്‍ ആവശ്യമാണെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടു.
Tags : African snails Nattuvishesham Districte news