തൊടുപുഴ: ബീഫിനു പിന്നാലെ ജില്ലയില്‍ ഇറച്ചിക്കോഴി വില കുതിച്ചുയരുന്നു. കിലോയ്ക്ക് 188 മുതല്‍ 190 രൂപയായിരുന്നു ജില്ലയില്‍ വിവിധ മേഖലകളില്‍ ഇന്നലെ ഇറച്ചിക്കോഴിയുടെ വില. ഒറ്റദിവസംകൊണ്ട് അഞ്ചു മുതല്‍ എട്ടു രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. സാധാരണ ജൂണ്‍-ജൂലൈ മാസങ്ങളില്‍ കോഴിവില കുറയുന്നതാണ് പതിവെന്ന് വില്‍പ്പനക്കാര്‍ പറയുന്നു. എന്നാല്‍ ഇതിനു വിപരീതമായാണ് ഇപ്പോള്‍ കോഴിയിറച്ചിക്കു വില ഉയരുന്നത്. ഉത്പാദനത്തിലെ കുറവും കോഴിത്തീറ്റ വിലയിലുണ്ടായ വര്‍ധനയുമാണ് ഇപ്പോള്‍ വില കുതിച്ചുയരാന്‍ പ്രധാന കാരണമായി വ്യാപാരികള്‍ പറയുന്നത്.
കാലിത്തീറ്റ 50 കിലോ പായ്ക്കറ്റിന് 2000 രൂപയായിരുന്നത് ഇപ്പോള്‍ 2600 രൂപയായാണ് ഉയര്‍ന്നത്. ചെലവേറിയതോടെ പലരും കോഴി ഉത്പാദനം കുറച്ചു. വരും ദിവസങ്ങളില്‍ വില ഇനിയും കൂടാനാണ് സാധ്യതയെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
വില ഉയര്‍ന്നതോടെ പലയിടത്തും കോഴിയിറച്ചി വ്യാപാരം ഗണ്യമായി കുറഞ്ഞു. വിലവര്‍ധന ഹോട്ടലുകള്‍ക്കും തിരിച്ചടിയാണ്. നിലവിലെ സാഹചര്യത്തില്‍ ചിക്കന്‍ വിഭവങ്ങള്‍ക്കും മറ്റും വില വര്‍ധിപ്പിക്കേണ്ടി വരുമെന്നു ഹോട്ടലുടമകള്‍ പറയുന്നു.
കോഴിയ്ക്കു മാത്രമല്ല ബീഫ്, പന്നി, മത്സ്യം തുടങ്ങി സസ്യേതര വിഭവങ്ങള്‍ വേണമെങ്കില്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന സ്ഥിതിയാണ്. ട്രോളിംഗ് നിരോധനം വന്നതോടെയാണ് മത്സ്യത്തിനു വില ഉയര്‍ന്നത്. പലയിടങ്ങളിലും ബീഫിന്റെ വില തോന്നും പടിയാണ്. ഇത്തരം വിഭവങ്ങളുടെ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന ആവശ്യവും ശക്തമാണ്.
Tags : Nattuvishesham District News