പത്തനംതിട്ട: കാലാവസ്ഥാ വ്യതിയാനം അതിജീവിക്കാന് കര്ഷകരെ പ്രാപ്തരാക്കുന്നതിനായി സംസ്ഥാന കൃഷിവകുപ്പ് ലോകബാങ്ക് സഹകരണത്തോടെ നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി ആരംഭിച്ച കാര്ഷിക പരിശീലനാവശ്യകതാ സര്വേയ്ക്ക് ജില്ലയില് തുടക്കമായി. നിലവിലെ കൃഷി രീതികൾ, നൂതന സാങ്കേതികവിദ്യകള് എന്നിവയില് കര്ഷകര്ക്കുള്ള അറിവും അവബോധവും കൃഷി സംബന്ധമായ പരിശീലന ആവശ്യങ്ങളും കൃത്യമായി മനസിലാക്കുക എന്നതാണ് ഈ സര്വേയിലൂടെ ലക്ഷ്യമിടുന്നത്.
നൂതന കാര്ഷിക സങ്കേതങ്ങള് പ്രായോഗികമായി ഉപയോഗിക്കുന്നതിനുള്ള അവരുടെ താത്പര്യവും സര്വേയിലൂടെ മനസിലാക്കും. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും കര്ഷകര്ക്ക് ആവശ്യമായ വിദഗ്ധ പരിശീലന പരിപാടികള് സംസ്ഥാനത്ത് ക്രമീകരിക്കുക.
സര്വേ പ്രതിനിധികള് ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട കൃഷിഭവനുകളില് നേരിട്ടെത്തി കര്ഷകരുമായി സംസാരിച്ച് വിവരങ്ങള് ശേഖരിക്കും. നേരിട്ടെത്താത്ത മറ്റ് പ്രദേശങ്ങളിലെ കര്ഷകര്ക്ക് ഓണ്ലൈനായും സര്വേയില് പങ്കുചേരാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.
കാലാവസ്ഥാ അതിജീവന കൃഷിരീതികള് വിജയകരമായി നടപ്പിലാക്കിയ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിവിധ സ്ഥലങ്ങള് നേരില് കണ്ട് പഠിക്കുന്നതിനുള്ള അവസരവും ഈ പരിശീലനത്തിന്റെ ഭാഗമായി കര്ഷകര്ക്ക് ലഭിക്കും. ഇതിനുപുറമേ വിദേശ രാജ്യങ്ങളിലെ നൂതന കാര്ഷിക മാതൃകകള് സന്ദര്ശിച്ച് മനസിലാക്കുന്നതിനുള്ള അവസരങ്ങളും കര്ഷകര്ക്ക് ലഭ്യമാക്കാന് പദ്ധതി ലക്ഷ്യമിടുന്നുണ്ട്.
ഈ പരിശീലന പരിപാടികള് കര്ഷകര്ക്ക് പരമാവധി പ്രയോജനപ്പെടുന്ന രീതിയില് രൂപകല്പന ചെയ്യുന്നതിനാണ് സര്വേ സംഘടിപ്പിക്കുന്നത്.
സര്വേയില് പങ്കെടുക്കുന്നതിനും വിവരങ്ങള് നല്കുന്നതിനുമായി തയാറാക്കിയിട്ടുള്ള ക്യൂആര് കോഡോ, ലിങ്കോ (https://forms.gle/aszNxiwUFeDAXnYQ6) കര്ഷകര്ക്ക് ഉപയോഗപ്പെടുത്താം. സര്വേയുടെ വിശദവിവരങ്ങള്ക്കായി കൃഷിഭവനുകളുമായോ, കേരയുടെ സംസ്ഥാന പ്രോജക്റ്റ് മാനേജ്മന്റ് യൂണിറ്റുമായോ ബന്ധപ്പെടാം. ഫോൺ: 8589996464.
Tags : Agricultural training needs survey