കൊരട്ടി: മംഗലശേരി വായനശാലയുടെ നേതൃത്വത്തിൽ വായനശാല വാർത്ത ഗ്രൂപ്പിന്റെയും മേലൂക്കാരൻ ഫാമിലി ട്രസ്റ്റിന്റെയും സഹകരണത്തോടെ അക്ഷരജ്യോതി പരിപാടിയും സാമൂഹികപ്രതിബദ്ധത പുരസ്കാര വിതരണവും സംഘടിപ്പിച്ചു. സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ഡോ. ബിജു ലോന അധ്യക്ഷതവഹിച്ചു.
ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകിയവരെ സാമൂഹിക പ്രതിബദ്ധത പുരസ്കാരംനൽകി ആദരിച്ചു. വിദ്യാഭ്യാസരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച എസ്എസ്എൽപി സ്കൂളിന് അക്കാദമിക് എക്സലൻസ് അവാർഡും സമ്മാനിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയംനേടിയ 20 വിദ്യാർഥികൾക്ക് പുരസ്കാരങ്ങളും മേലുക്കാരൻ ഫാമിലി ട്രസ്റ്റ് ഏർപ്പെടുത്തിയ 1000 രൂപ വീതമുള്ള ക്യാഷ് അവാർഡുകളും വിതരണംചെയ്തു. അക്ഷരജ്യോതി പദ്ധതിയുടെ ഭാഗമായി 100 കുട്ടികൾക്ക് സൗജന്യ വായനശാല അംഗത്വവും പഠനോപകരണങ്ങളും വിതരണംചെയ്തു.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീല സുബ്രഹ്മണ്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സച്ചിൻ രാജ്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ.എസ്. വിദ്യാധരൻ, വാർഡ് അംഗങ്ങളായ മിനി ഡേവിസ്, സിബി തോമസ്, യുണൈറ്റഡ് ക്ലബ് സെക്രട്ടറി പി.ഡി. ബാബു, വി.ഒ. സണ്ണി, ജോജി പാത്താടൻ എന്നിവർ പ്രസംഗിച്ചു.
Tags : Award