പ്രതീകാത്മക ചിത്രം
മലപ്പുറം: വിവിധ ചാമ്പ്യന്‍ഷിപ്പുകളില്‍ ജില്ലയ്ക്കായി നേട്ടംകൊയ്ത കായികതാരങ്ങളെ ജില്ലാ പഞ്ചായത്ത് അനുമോദിച്ചു. സുബ്രതോ കപ്പ് ഫുട്ബോളില്‍ ആണ്‍കുട്ടികളുടെ സബ്ജൂനിയര്, ജൂനിയര്‍ വിഭാഗങ്ങളിലും പെണ്‍കുട്ടികളുടെ ജൂനിയര്‍ വിഭാഗം മത്സരത്തിലും സംസ്ഥാനത്ത് കിരീടം നേടാന്‍ മലപ്പുറത്തിനായി.
എംഐസി അത്താണിക്കല്‍ സ്കൂളിലെ ടീമാണ് ആണ്‍കുട്ടികളുടെ സബ്ജൂനിയര്, ജൂനിയര്‍ വിഭാഗങ്ങളില്‍ ജില്ലക്കായി കിരീടം നേടിയത്.
പെണ്‍കുട്ടികളുടെ ജൂനിയര്‍ വിഭാഗം മത്സരത്തില്‍ നിലമ്പൂര്‍ മാനവേദന് ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളാണ് ജേതാക്കളായത്. 51-ാം സംസ്ഥാന ജൂനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിലും ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും മത്സരത്തില്‍ ജില്ല ജേതാക്കളായി. വിവിധ സ്കൂളുകളിലെ താരങ്ങളാണ് ജില്ലയ്ക്കായി കളത്തിലിറങ്ങിയത്.
സംസ്ഥാന ജെഎന്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ജില്ല മൂന്നാം സ്ഥാനം നേടി. മങ്കട പാങ്ങ് ജിഎച്ച്എസ്എസ് സ്കൂളാണ് നേട്ടംകൊയ്തത്. താരങ്ങള്‍ക്ക് ഉപഹാരം കൈമാറി.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന അനുമോദന ചടങ്ങ് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.പി. സ്മിജി അധ്യക്ഷയായി. ആരോഗ്യവിദ്യാഭ്യാസ സ്ഥിരസമിതി ചെയര്‍പേഴ്സണ്‍ പി.കെ അസ്ലു, സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍മാരായ ഷാഹിന നിയാസി, കെ.ടി അജ്മല്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ.വി. മുഹമ്മദലി, യാസ്മിന് അരിമ്പ്ര, ശരീഫ് കുറ്റൂര്‍, മുസ്തഫ അബ്ദുലത്തീഫ്, ഹനീഫ മൂന്നിയൂര്‍, പി.എച്ച് ഷമീം, ഫൗസിയ പെരുമ്പള്ളി, ജൈസല്‍ എളമരം, സി. സുകുമാരന്‍, ഫിനാന്‍സ് ഓഫിസര്‍ എം. മുഹമ്മദ് ബഷീര്‍, മുന്‍ സന്തോഷ് ട്രോഫി താരം ഹബീബ് റഹ്മാന്, ജില്ലാ ഫുട്ബോള്‍ അസോസിയേഷന് സെക്രട്ടറി ഡോ. സുധീര്‍കുമാര്‍, കെഎസ്ടിയു സംസ്ഥാന വൈസ് പ്രസിഡന്റ് മജീദ് കാടേങ്ങല്‍, ജില്ലാ പ്രസിഡന്റ് വി. സഫ്ത്തറലി, തുടങ്ങി നിരവധി പേർ പങ്കെടുത്തു.