പ്രതീകാത്മക ചിത്രം
നിലമ്പൂര്‍: നഗരസഭയുടെ മുതുകാടുള്ള രണ്ടേകാല്‍ ഏക്കര്‍ സ്ഥലത്ത് മാലിന്യസംഭരണ കേന്ദ്രം തുടങ്ങുമെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ പത്മിനി ഗോപിനാഥ്. നഗരസഭാകൗണ്‍സില്‍ യോഗത്തിലെ തീരുമാനങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു അവര്‍.
നിലവില്‍ നഗരസഭാ കോമ്പൗണ്ടിലും മറ്റ് മൂന്ന് സ്ഥലങ്ങളിലുമാണ് നഗരസഭയിലെ വീടുകളില്‍നിന്ന് ഉള്‍പ്പെടെ ഹരിതകര്‍മ സേനാംഗങ്ങള്‍ ശേഖരിക്കുന്ന മാലിന്യങ്ങള്‍ ശേഖരിച്ച് തമിഴ് നാട്ടിലെ ഏജന്‍സി മുഖേന കയറ്റി അയയ്ക്കുന്നത്. മൂന്ന് സംഭരണ കേന്ദ്രങ്ങള്‍ക്ക് വാടകയിനത്തില്‍ പ്രതിമാസം 30,000 രൂപ വീതം നല്‍കണം. ഇതൊഴിവാക്കാന്‍ മുതുകാട് മാലിന്യസംഭരണ കേന്ദ്രം വരുന്നതോടെ പരിഹാരമാകും.
നഗരസഭാ പരിസരത്തെ നിലവിലെ പ്ലാസ്റ്റിക് മാലിന്യസംഭരണ കേന്ദ്രം ഇന്ദിരാ കാന്റീനായി മാറ്റും. നഗരസഭാ പരിധിയിലെ റോഡുകളുടെ ഫൂട്ട്ഫാത്തുകളിലേക്ക് സാധനങ്ങള്‍ ഇറക്കിവച്ച് കച്ചവടം നടത്തുന്നവര്‍ക്ക് ആദ്യ നടപടിയായി നോട്ടീസ് നല്‍കും. ഇതിന് ശേഷവും കച്ചവടം തുടർന്നാൽ നടപടി എടുക്കും. വഴിയോരക്കച്ചവടക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ഇത് ബാധകമായിരിക്കും. അനധികൃത മത്സ്യക്കച്ചവടം. ഫൂട്ട്പാത്ത് കച്ചവടം എന്നിവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തും. ചന്തക്കുന്നില്‍ വയോജനങ്ങള്‍ക്കായി പുതിയ പകല്‍വീട് തുടങ്ങും.
അങ്കണവാടികളില്‍ വിതരണം ചെയ്യുന്ന അമ്യതം ന്യൂട്രി മിക്സില്‍ നിലവില്‍ 20 ശതമാനം പഞ്ചസാരയുള്ള സാഹചര്യത്തില്‍ പഞ്ചസാരയുടെ അളവ് കുറക്കാന്‍ നടപടി സ്വീകരിക്കും. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് മുസ്തഫ കളത്തും പടിക്കല്‍ അവതരിപ്പിച്ച പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ചന്തക്കുന്ന് ബസ് സ്റ്റാൻഡിന് സമീപത്തെ മത്സ്യ -മാംസ മാര്‍ക്കറ്റുകള്‍ പുതിയതായി ബസ് സ്റ്റാൻഡ് പരിസരത്ത് നിര്‍മിച്ചിട്ടുള്ള കെട്ടിടത്തിലേക്ക് മാറ്റും. അവര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും.
വാര്‍ത്താ സമ്മേളനത്തില്‍ വൈസ് ചെയര്മാന് കൂമഞ്ചേരി ഷൗക്കത്തലി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് മുസ്തഫ കളത്തുംപടിക്കല്‍, കൗണ്‍സിലര്‍മാരായ ഫ്രാന്‍സിസ് അമ്പലത്തിങ്ങല്‍, എം.കെ. റീന എന്നിവര്‍ പ്രസംഗിച്ചു.