ആലക്കോട്: ആലക്കോട് മൃഗാശുപത്രിയിൽ മാസങ്ങളായി സ്ഥിരം ഡോക്ടറില്ലാത്തത് കന്നുകാലി കർഷകർക്ക് ദുരിതമാകുന്നു. നിലവിലുണ്ടായിരുന്ന ഡോക്ടർ വിരമിച്ചതിന് ശേഷം സ്ഥിര ഡോക്ടറെ നിയമിക്കാതെ വന്നതോടെയാണ് മൃഗാശുപത്രിയുടെ പ്രവർത്തനം താളം തെറ്റിയത്. ആഴ്ചയിൽ രണ്ടു ദിവസം മാത്രമാണ് ഡോക്ടറുടെ സേവനമുള്ളത്.
ഉദയഗിരി മൃഗാശുപത്രിയിലെ ഡോക്ടർക്കാണ് താത്കാലിക ചുമതല. ക്ഷീര കർഷകർ ഉൾപ്പെടെ ദിനംപ്രതി ഒട്ടേറെ ആളുകൾ വളർത്ത് മൃഗങ്ങളുടെ സംരക്ഷണം, പ്രതിരോധ കുത്തിവയ്പ്പുകൾ, മരുന്ന് തുടങ്ങി വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് എത്തുന്ന ആശുപത്രിയാണിത്. സ്ഥിര ഡോക്ടറില്ലാതെ വന്നതോടെ മൃഗാശുപത്രിയെ ആശ്രയിക്കുന്നവർ ഏറെ ദുരിതത്തിലാണ്.
വാഹനങ്ങളിലും മറ്റും വളർത്തുമൃഗങ്ങളുമായി എത്തുന്നവർ ആശുപത്രിയിലെത്തിയതിന് ശേഷമാണ് ഡോക്ടറില്ലെന്ന് അറിയുന്നത്. മൃഗ സംരക്ഷണവകുപ്പ് സ്ഥിരം ഡോക്ടറെ നിയമിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags : doctor Nattuvishesham Distric News