ആറ്റുവാത്തല ഗവ. എല്‍പി സ്കൂളിനായി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടീല്‍.
ആറ്റുവാത്തല: ആറ്റുവാത്തല ഗവ. എല്‍പി സ്കൂളിന് ശാപമോക്ഷം. സ്കൂള്‍ കെട്ടിടത്തിന്റെ തറക്കല്ലിടീല്‍ കര്‍മം നടന്നു. അടുത്ത അധ്യായനവര്‍ഷം കുട്ടികള്‍ സ്വന്തം സ്കൂളില്‍ പഠനം ആരംഭിക്കും. ചമ്പക്കുളം പഞ്ചായത്തിന്റെ പരിധിയില്‍വരുന്ന ആറ്റുവാത്തല ഗവ. എല്‍പി സ്കൂള്‍ കഴിഞ്ഞ രണ്ടു അധ്യായന വര്‍ഷമായി വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പഴയ കെട്ടിടത്തിന്റെ ഫിറ്റ്നസ് നഷ്ടപ്പെട്ടതോടെ നെടുമുടി പഞ്ചായത്തിലെ ഒരു വാടക കെട്ടിടത്തിലേക്കു പ്രവര്‍ത്തനം മാറ്റിയിരുന്നു.
നിലവിലുള്ള സ്ഥലത്തുനിന്ന് കിലോമീറ്റര്‍ അകലെ സ്കൂളിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചെങ്കിലും കുട്ടികളും മാതാപിതാക്കളും കടുത്ത പ്രതിസന്ധി നേരിട്ടു. ചമ്പക്കുളം പഞ്ചായത്തില്‍ ഒരു വാടക കെട്ടിടം കണ്ടെത്താന്‍ പോലും സാധിച്ചില്ല.
പുതിയ ഭരണസമതി അധികാരമേറ്റതോടെ രക്ഷിതാക്കളുടെ പ്രധാന ആവശ്യം സ്കൂളിന്റെ പ്രവര്‍ത്തനം ചമ്പക്കുളത്തേക്ക് മാറ്റുകയെന്നതായിരുനു. ആറ്റുവാത്തല പഴയ സ്കൂളിന്റെ സമീപത്തുതന്നെ മറ്റൊരു കെട്ടിടം സംഘടിപ്പിച്ച് സ്കൂള്‍ പ്രവര്‍ത്തനം അവിടേക്ക് മാറ്റിയിരുന്നു. നിലവില്‍ 21 വിദ്യാര്‍ഥികളാണ് ആറ്റുവാത്തല ഗവ. എല്‍പി സ്കൂളില്‍ പഠിക്കുന്നത്.
തറക്കല്ലിടിയില്‍ ചമ്പക്കുളം പഞ്ചായത്ത് പ്രസിഡന്റ് കെ.എം. മാത്യു നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് രാധാമണി, മെര്വിന് ജോസഫ്, റെജി നാണപ്പന്, അനിയന്‍കുഞ്ഞ്, ജോസഫ് കോയിപ്പള്ളി, സൗമ്യ ഏബ്രഹാം എന്നിവര്‍ പങ്കെടുത്തു.