കറ്റാനം ജംഗ്ഷനു സമീപത്തെ ഒരേക്കർ വരുന്ന സർക്കാർ ഭൂമി.
കറ്റാനം: സർക്കാർ പുതുതായി അനുവദിച്ച കറ്റാനം അഗ്നിരക്ഷാനിലയത്തിനുവേണ്ടി ഭൂമിയേറ്റെടുക്കൽ നടപടി ആരംഭിച്ചു. കറ്റാനം ജംഗ്ഷനു സമീപമുള്ള ഒരേക്കർ റവന്യു പുറമ്പോക്ക് ഭൂമിയിൽനിന്നും അഗ്നിരക്ഷാനിലയത്തിനാവശ്യമായ സ്ഥലം ഏറ്റെടുത്ത് കെട്ടിടം നിർമിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കെട്ടിടം നിർമിക്കുന്നതിന്റെ കാലതാമസം അഗ്നിരക്ഷാനിലയം തുടങ്ങുന്നതിനെ ബാധിക്കില്ല.
കറ്റാനം ജംഗ്ഷനു സമീപം കെട്ടിടം വാടകയ്ക്കെടുത്ത് അവിടെ താത്കാലികമായി ഉടൻ അഗ്നിരക്ഷാനിലയം സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു. അഗ്നിരക്ഷാനിലയം സ്ഥാപിക്കാൻ ലക്ഷ്യമിടുന്ന ഒരേക്കർ റവന്യു പുറമ്പോക്കു ഭൂമിയിൽ നിലവിൽ കറ്റാനം വില്ലേജ് ഓഫീസ്, ഭരണിക്കാവ് സബ് രജിസ്ട്രാർ ഓഫീസ് എന്നിവയുണ്ട്. എക്സൈസ് ഓഫീസിനും ഇവിടെ ഭൂമി ആവശ്യപ്പെട്ട് അടുത്തിടെ റവന്യു അധികൃതർക്ക് എക്സൈസ് വകുപ്പ് കത്തു നൽകിയിരുന്നു.
ഇതിനായി 30 സെന്റ് ഭൂമി മാറ്റിയിട്ടിട്ടുണ്ട്. കായംകുളം-പുനലൂർ റോഡരികിൽ കറ്റാനം ജംഗ്ഷനിൽനിന്ന് നൂറുമീറ്റർ മാത്രം ദൂരമാണ് സർക്കാർ ഭൂമിയിലേക്കുള്ളത്. കെ.പി. റോഡരികിലായതിനാൽ വലിയ വാഹനങ്ങൾക്കു കയറാനും ഇറങ്ങാനും കഴിയുന്ന വഴിയുള്ള ഈ ഭൂമി അഗ്നിരക്ഷാനിലയത്തിന് അനുയോജ്യമാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
ഇവിടെ കെ.പി. റോഡരികിലായാണ് വില്ലേജ് ഓഫീസും സബ് രജിസ്ട്രാർ ഓഫീസും പ്രവർത്തിക്കുന്നത്. ഇതിനു പിന്നിലുള്ള സ്ഥലമാണ് അഗ്നിരക്ഷാനിലയത്തിനായി ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നത്.
നിർദിഷ്ട സ്ഥലത്തിന്റെ ഒരു ഭാഗം കാടുവളർന്നും ബാക്കിഭാഗം യുവാക്കൾ കളിസ്ഥലമായും ഇപ്പോൾ ഉപയോഗിക്കുകയാണ്. കൂടാതെ, കറ്റാനം വൈദ്യുതി സെക്ഷൻ ഓഫീസിലെ കേബിളുകളും വൈദ്യുതിക്കമ്പികളും ട്രാൻസ്ഫോർമറുകളും സൂക്ഷിക്കുന്നതും ഇവിടെയാണ്.
അഗ്നിരക്ഷാനിലയങ്ങൾക്ക് ഇപ്പോൾ താഴെ വാഹനം പാർക്കുചെയ്യുന്നതിനുള്ള സൗകര്യവും മുകളിലത്തെ നിലയിൽ ഓഫീസ് സംവിധാനവുമുള്ള കെട്ടിടമാണ് നിർമിക്കുന്നത്. ഇതുമൂലം അഗ്നിരക്ഷാനിലയത്തിന്റെ പ്രവർത്തനത്തിനു സ്ഥലം കുറച്ചുമതി എന്ന പ്രത്യേകതയുമുണ്ട്.
മന്ത്രി എം. ലിജുവിന്റെ ഇടപെടലിനെത്തുടർന്ന് കഴിഞ്ഞാഴ്ചയാണ് കറ്റാനത്ത് അഗ്നിരക്ഷാനിലയം സ്ഥാപിക്കുന്നതിന് ആഭ്യന്തരവകുപ്പ് അനുമതി നൽകി ഉത്തരവിട്ടത്.
Tags : New Fire Station at Katanam Nattuvishesham DistrictNews