പാലാ: ജനറല്‍ ആശുപത്രിയില്‍ മദ്യപസംഘത്തിന്റെ വിളയാട്ടമെന്ന് പരാതി. രണ്ടാഴ്ചയായി ആശുപത്രിയിലെ പുരുഷന്മാരുടെ വാര്‍ഡിലാണ് മദ്യപസംഘം തമ്പടിക്കുന്നത്. രാത്രി മദ്യപിച്ച് എത്തുന്ന സംഘം തങ്ങള്‍ക്ക് പരിക്ക് പറ്റിയെന്നും കിടത്തിച്ചികിത്സ വേണമെന്നും ആവശ്യപ്പെടുകയാണ്. ഇതോടെ ഇവരുടെ എതിര് ചേരിയിലുള്ള ആളുകളെത്തി അവരെ ഇറക്കിവിടണമെന്ന് ആവശ്യപ്പെടും. പിന്നെ തെറിവിളിയായി, അടിയായി, വടിവാളെടുക്കലായി.
ആശുപത്രിയില്‍ രാത്രി ഡ്യൂട്ടിയിലുള്ള നാമമാത്രമായ ഡോക്ടര്‍മാര്‍ക്കോ ജീവനക്കാര്‍ക്കോ ഒന്നോ രണ്ടോ സെക്യൂരിറ്റി ജീവനക്കാര്‍ക്കോ ഇവര്‍ക്കെതിരേ ചെറുവിരലനക്കാന്‍ കഴിയുന്നില്ല. ഭീതിയോടെയാണ് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ ജനറല്‍ ആശുപത്രിയില്‍ രാത്രികാലത്ത് ജോലിചെയ്യുന്നത്. ഏതു നിമിഷവും ആക്രമണം തങ്ങള്‍ക്ക് നേരേ വന്നേക്കാമെന്ന് ഇവര്‍ തിരിച്ചറിയുന്നു.
നിരവധി രോഗികള്‍ ചികിത്സ തേടിയെത്തുന്ന പാലാ ജനറല്‍ ആശുപത്രിയില്‍ പോലീസ് എയ്ഡ് പോസ്റ്റ് വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ജനറല്‍ ആശുപത്രിയാണിത്. ഇത്രയൊന്നും തിരക്കില്ലാത്ത കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി ഗവണ്മെന്റ് ആശുപത്രികളില്‍പോലും പോലീസ് എയ്ഡ് പോസ്റ്റ് ഉണ്ട്.
വേണ്ടത്ര പോലീസുകാര്‍ ഇല്ലാത്തതാണ് ജനറല്‍ ആശുപത്രിയില്‍ എയ്ഡ് പോസ്റ്റ് സ്ഥാപിക്കാന്‍ തടസമാകുന്നതെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
Tags : General Hospital Alcoholic Nattuvishesham District news