മുഖ്യമന്ത്രി കട്ടപ്പനയിൽ എത്തിയപ്പോൾ നൽകിയ സ്വീകരണം.
കട്ടപ്പന: വനം വകുപ്പ് വനഭൂമിയുടെ അതിരുതിരിച്ച് സ്ഥാപിച്ചിരിക്കുന്ന ജണ്ടകൾക്കു പുറത്തുള്ള സ്ഥലങ്ങൾ മുഴുവൻ റവന്യു ഭൂമിയാണെന്ന് മുഖ്യ മന്ത്രി അറിയിച്ചു. ഈ സർക്കാരിന് ഒരു നിലപാടുമാത്രമേയുള്ളൂ. കഴിഞ്ഞ സർക്കാരിന്റെ കാലത്തെപ്പോലെ വനം വകുപ്പിന് ഒന്നും റവന്യു വകുപ്പിനു മറ്റൊന്നും എന്ന സ്ഥിതിയുണ്ടാകില്ല.
കേരളത്തിൽ ജനവാസ മേഖലകൾ ഒന്നും ഇഎസ്എയിൽ ഉൾപ്പെടില്ല. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ കരടു വിജ്ഞാപനത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന 9993.7 ചതുരശ്ര കിലോമീറ്റർ ഇഎസ്എ വിസ്തൃതി 8590 ചതുരശ്ര കിലോമീറ്ററായി കുറയ്ക്കും. ഇടുക്കി ജില്ലയിലെ സിഎച്ച്ആർ പൂർണമായും വനത്തിന്റെ നിർവചനത്തിൽനിന്ന് ഒഴിവാക്കും.
ഷോപ് സൈറ്റുകൾക്കും വൈദ്യുതി പദ്ധതിയുടെ ഭാഗമായി കരുതൽ പ്രദേശമായി നീക്കിയട്ടിരിക്കുന്ന 10 ചെയിൽ, ഏഴു ചെയിൻ, മൂന്നു ചെയിൻ പ്രദേശങ്ങൽക്കും പട്ടയം നൽകുന്നതിനുള്ള തടസങ്ങൾ ഒഴിവാക്കും. ഏലമെന്നും പാറയെന്നും രേഖപ്പെടുത്തിയതിന്റെ പേരിൽ പട്ടയം നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകില്ല. ഏലം കുത്തകപാട്ടം പുതുക്കി നൽകുന്നതിനും നടപടി സ്വീകരിക്കും.
ഫീസിലും പാട്ടത്തുകയ്ക്കും കർഷക സൗഹാർദമായ വർധനവുണ്ടാകും.
തെരഞ്ഞെടുപ്പു വാഗ്ദാനമായി യുഡിഎഫ് നൽകിയ മുഴുവൻ കാര്യങ്ങളും സമയബന്ധിതമായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സംഘടനാ പ്രതിനിധികളുമായുള്ള ചർച്ചക്കു ശേഷം കട്ടപ്പന മിനി സ്റ്റേഡിയത്തിൽ പൊതുസമ്മേളനം നടന്നു.
പൊതു സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, കൺവീനർ പ്രഫ. എം.ജെ. ജേക്കബ്, ഡീൻ കുര്യാക്കോസ് എംപി, എംഎൽഎമാരായ റോയി കെ. പൗലോസ്, സിറിയക് തോമസ്. സേനാപതി വേണു, എഫ്. രാജ, മുൻ ഡിസിസി പ്രസിഡന്റുമാരായ ഇ.എം. ആഗസ്തി, ഇബ്രാഹിംകുട്ടി കല്ലാർ തുടങ്ങിയവർ പ്രസംഗിച്ചു.
ഇടുക്കി ജില്ലാ കളക്ടറുടെ 23ലെ ഉത്തരവ് കൈയേറ്റക്കാരെ ഉദ്ദേശിച്ച്
കട്ടപ്പന: ദുരന്ത നിവാരണ നിയമത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ 23നു പുറത്തിറക്കിയ ഉത്തരവ് ഭൂമി കൈയേറ്റക്കാരെമാത്രം ഉദ്ദേശിച്ചുള്ളതാണെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. എങ്കിലും ഉത്തരവു പിൻവലിപ്പിക്കാൻ മുഖ്യമന്ത്രി തയാറായിട്ടില്ല. ചിന്നക്കനാൽ മേഖലകളിൽ സർക്കാർ ഭൂമി കൈയേറി വേലികെട്ടി തിരിച്ചിട്ടിരിക്കുന്ന സംഭവങ്ങൾ ഉണ്ട്. ഇതാണ് പൊളിക്കുന്നത്. കർഷകരുടെ സ്ഥലത്തിനു ചുറ്റും നിർമിച്ചിരിക്കുന്ന വേലികളും നിർമിതികളും പൊളിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Tags : Nattuvishesham DistrictNews DeepikaNews Chief Minister.