സീത
ആരോപണം പരുത്തിപ്പള്ളി എഫ്എച്ച്സിക്കെതിരേ
കുറ്റിച്ചൽ : ആദിവാസി യുവതിയുടെ മരണത്തിനുകാരണം ചികിത്സ വൈകിയതെന്ന് ആരോപണം. കുറ്റിച്ചൽ പരുത്തിപ്പള്ളി കുടുംബാരോഗ്യകേന്ദ്രത്തിൽ ചികിത്സ വൈകിയെന്നാരോപിച്ച് യുവതിയുടെ ബന്ധു ആരോഗ്യമന്ത്രിക്ക് പരാതി നൽകി.
കോട്ടൂർ പൊടിയം കാണിസെറ്റിൽമെന്റിൽ അയ്യപ്പൻകാണി - പരപ്പി ദമ്പതികളുടെ മകൾ സീത (37) യാണ് മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചത്. പരുത്തിപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാർ രോഗം സ്ഥിരീകരിച്ച് ചികിത്സിക്കുന്നതിൽ വരുത്തിയ കാലതാമസമാണു സീതയുടെ മരണത്തിനു കാരണമെന്ന് ചൂണ്ടിക്കാട്ടിയാണ് ബന്ധുവായ മുളമൂട് സ്വദേശി അയ്യപ്പൻകാണി മന്ത്രിക്ക് കെ. മുരളീധരനു പരാതി നൽകിയത്. ദീർഘനാളായി നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് സീത ചികിത്സയിലായിരുന്നു. ഇതിനിടെ മഞ്ഞപ്പിത്തവും പിടിപെട്ടു.
എന്നാൽ പരുത്തിപ്പള്ളി ആരോഗ്യകേന്ദ്രത്തിൽ പരിശോധനകൾ നടത്തിയെങ്കിലും മഞ്ഞപ്പിത്തം കണ്ടെത്താനായില്ല. രോഗം മൂർച്ഛിച്ച് ആശുപത്രിയിലെത്തിക്കുമ്പോൾ പനിക്കുള്ള ഗുളികകൾ നൽകി മടക്കാറാണ് പതിവെന്നും ബന്ധുക്കൾ പറയുന്നു. ഒടുവിൽ നാട്ടുകാരും പൊതുപ്രവർത്തകരും ഇടപെട്ടാണ് ഇക്കഴിഞ്ഞ 15ന് സീതയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ പിറ്റേന്നുതന്നെ സീത മരിച്ചു.
ആദിവാസികളെ കുറ്റിച്ചൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാർ അവജ്ഞയോടെയാണു കാണുന്നതെന്നും നടപടി വേണമെന്നും അയ്യപ്പൻകാണി നൽകിയ പരാതിയിൽ പറയുന്നു.