പ്രതീകാത്മക ചിത്രം
കൂടത്തായി: കൂടത്തായി സെന്റ് മേരീസ് ഹയർസെക്കന്‍ഡറി സ്കൂളിനെ അപകീർത്തിപ്പെടുത്താൻ നിരന്തരം അടിസ്ഥാന രഹിതമായ വാർത്തകൾ വന്നുകൊണ്ടിരിക്കുകയാണെന്ന് സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി.
ഒരു പെൺകുട്ടിയ്ക്ക് സഹപാഠികളായ രണ്ടു പെൺകുട്ടികളിൽ നിന്ന് മർദനമേറ്റ സംഭവത്തിൽ സ്കൂൾ മാനേജ്മെന്റും പിടിഎ യും സത്വരനടപടികൾ കൈക്കൊണ്ടിട്ടുണ്ട്. കുറ്റക്കാരായ വിദ്യാര്ഥികള്ക്കെതിരേ മാതൃകാപരമായ ശിക്ഷാ നടപടികൾ സ്വീകരിച്ചു.മര്‍ദനമേറ്റ കുട്ടിയെ അധ്യാപകർ നിരന്തരം സന്ദർശിക്കുകയും ആശ്വസിപ്പിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തിട്ടുണ്ട്. സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉൾപ്പെടെയുള്ള പ്രശ്ന പരിഹാര കമ്മിറ്റി രൂപീകരിച്ചു.
ഈ കമ്മിറ്റിയും മാനേജ്മെന്റും പിടിഎയും പ്രശ്നം പരിഹരിക്കാൻ വേണ്ടി എല്ലാവിധ ശ്രമങ്ങൾ നടത്തിയിട്ടും നിക്ഷിപ്ത താത്പര്യം മുന്‍നിര്‍ത്തി ഒരു വിഭാഗം ആക്ഷേപം ഉന്നയിക്കുകയാണെന്നും ഇതിന് പിന്നില്‍ മറ്റ് താല്പര്യങ്ങളാണെന്നും അധികൃതര്‍ കുറ്റപ്പെടുത്തി.
സ്കൂളിൽ നടന്ന പ്രതിഷേധ യോഗത്തിൽ സ്കൂൾ മാനേജർ ഫാ.ബിബിൻ ജോസ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഫാ. സിബി പൊൻപാറ, പ്രധാനാധ്യാപകൻ തോമസ് അഗസ്റ്റിൻ, പിടിഎ പ്രസിഡന്റ് പി.കെ. ഷെരീഫ്, സ്കൂൾ ഡിസിപ്ലിൻ കമ്മിറ്റി കൺവീനർ വി.സുധേഷ് , പിടിഎ വൈസ് പ്രസിഡന്റ് സത്താർ പുറായിൽ, സ്റ്റാഫ് സെക്രട്ടറി ഷിതിൻ വർഗീസ് , മിനി കുര്യൻ, സിബി മാനുവൽ, റീന മോൾ, റെജി ജെ കരോട്ട്, ബെന്നി ജോർജ്, ടി.എ.സെബാസ്റ്റ്യൻ , സി.ജി.സുമേഷ് , ഗ്രെയ്സൺ ജോസ് തുടങ്ങിയവർ പ്രതിഷേധ യോഗത്തിൽ പ്രസംഗിച്ചു.