അമ്പലപ്പുഴ ബോട്ട് ജെട്ടി സ്ഥിതി ചെയ്തിരുന്ന സ്ഥലം.
ചമ്പക്കുളം: ഒരു കാലത്ത് മോട്ടർ ബോട്ടുകളും ജലവാഹനങ്ങളും സഞ്ചരിച്ചിരുന്ന അമ്പലപ്പുഴ തോട് പോള നിറഞ്ഞ് വിഷപ്പാമ്പുകളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുന്നു. പൂക്കൈതയാറ്റിൽ വിളക്കുമരത്ത്നിന്ന് ആരംഭിച്ച് അമ്പലപ്പുഴ ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെത്തുന്ന വിശാലവും വിസ്ത്യതവും, നിത്യവും നിരവധി യാത്രാ ബോട്ടുകൾ സഞ്ചരിച്ചിരുന്നതുമായ ഒരു തോടിനെപ്പറ്റിയുള്ള ഓർമ്മകൾ അൻപത് കഴിഞ്ഞവരുടെ ഓർമയിലുണ്ട്.
അമ്പലപ്പുഴ ക്ഷേത്രക്കടവിൽ നിന്നും അലപ്പുഴ, കോട്ടയം, എടത്വ, ചെങ്ങന്നൂർ, പുളിക്കിഴ്,എറണാകുളം തുടങ്ങിയ ഇടങ്ങളിലേക്ക് ഒരു കാലത്ത് നിരവധി ബോട്ടുകൾ സർവീസ് നടത്തിയിരുന്നു. തീരദേശ റെയിൽപാതയുടെ വരവോടെ അമ്പലപ്പുഴ തോട് പൂർണമായും ഉപേക്ഷിക്കപ്പെടുകയായിരുന്നു. കരുമാടി തോടിന് കുറുകെ ഉയരത്തിൽ റെയിൽവേ ലൈൻ നിർമിക്കാൻ ശ്രദ്ധിച്ചവർ ചരിത്ര പാരമ്പര്യമുള്ള ഈ തോടിന് ശവക്കുഴി തോണ്ടുകയായിരുന്നു. ഒരു ചെറുവള്ളത്തിന് പോലും തോട്ടിലൂടെ കടന്നുപോകാനാവാതെ റെയിൽവേ പാത താഴ്ത്തി നിർമാണം നടത്തിയത് ഈ തോടിന്റെ പുനരുദ്ധാരണത്തെപ്പറ്റി ചിന്തിക്കാൻ പോലുമാവാത്ത സ്ഥിതിയിലാക്കി.
അമ്പലപ്പുഴ കേന്ദ്രമായിരുന്ന ചെമ്പകശേരി രാജാക്കൻമാർ ചമ്പക്കുളം, നെടുമുടി തുടങ്ങിയ പ്രദേശങ്ങളിലെ തങ്ങളുടെ കാര്യവിചാരിപ്പ് കേന്ദ്രങ്ങളിലേക്ക് പല നൂറ്റാണ്ടുകൾ ജലവാഹനങ്ങളിൽ യാത്ര ചെയ്തത് ഈ തോടുവഴിയായിരുന്നു. ചരിത്ര പ്രസിദ്ധമായ ചമ്പക്കുളം മൂലം വള്ളംകളി ദിനത്തിൽ അമ്പലപ്പുഴ രാജാവും സംഘവും ചമ്പക്കുളത്തേക്ക് യാത്ര ചെയ്തിരുന്നതും ഈ തോട്ടിലൂടെയാണ്.
റോഡുകളുടെ വരവോടെ തോടുകൾ പൂർണമായും ഉപേക്ഷിക്കപ്പെട്ടതിന്റെ ബാക്കിപത്രമാണ് അമ്പലപ്പുഴ തോട്. റെയിൽവേ പാതയുടെ നിർമാണത്തിന് ശേഷം നിരവധി ചെറിയ പാലങ്ങൾ കൂടി ഈ തോടിന് കുറുകെ നിർമിച്ചതോടെ തോട് മുഴുവൻ പായൽ നിറഞ്ഞു. വശങ്ങളിലെ റോഡിന് വീതി കൂട്ടിയതോടെ തോടിന്റെ വീതി കുറഞ്ഞു. ഒരേ സമയം ഇരുവശത്തേക്കും ജലഗതാഗത വകുപ്പിന്റെ വലിയ ബോട്ടുകൾ കടന്നുപോയിരുന്ന തോടിന് പല ഇടങ്ങളിലും ഇപ്പോൾ അഞ്ച് മീറ്ററിൽ താഴെയാണ് വീതി. തോട്ടിലെ വെള്ളം മലിനമാക്കപ്പെട്ടിരിക്കുന്നതിനാൽ പ്രാഥമിക ആവശ്യങ്ങൾക്ക് പോലും ഉപയോഗിക്കാൻ ആവാത്ത അവസ്ഥയിലുമാണ്.
തോട്ടിലൂടെ ഗതാഗതമില്ലെന്നു മാത്രമല്ല തോട്ടിൽ പോളയും പായലും നിറഞ്ഞ് വെള്ളം പൂർണമായും മലിനമാക്കപ്പെട്ടിരിക്കുന്നു. ഈ തോട് ഇന്ന് വിഷ പാമ്പുകളുടെയും മറ്റ് വിഷജന്തുക്കളുടെയും കേന്ദ്രായി മാറിയിരിക്കുന്നു. രാത്രികാലങ്ങളിൽ തോടിന് വശങ്ങളിലൂടെയുള്ള യാത്ര ഇഴ ജന്തുക്കളെയും വിഷപ്പാമ്പുകളേയും ഭയപ്പെട്ട് നടത്തേേണ്ട അവസ്ഥയിലാണ് നാട്ടുകാർ.
\ജലഗതാഗതം ഉണ്ടായിരുന്ന അവസരത്തിൽ ബോട്ട് ജെട്ടിയായി ഉപയോഗിച്ചിരുന്ന സ്ഥലം ഇന്ന് തിരിച്ചറിയാനാവാത്തവിധം കാട് മൂടിക്കിടക്കുന്നു.കുഞ്ചൻ നമ്പ്യാർ സ്മാരകം അമ്പലപ്പുഴയിലെ ബോട്ടു ജെട്ടിയോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്.
ചരിത്ര പ്രസിദ്ധമായ അമ്പലപ്പുഴ ക്ഷേത്രത്തിന് സമീപമുള്ള ഈ തോടും
ബോട്ട് ജെട്ടിയും പുനരുദ്ധരിക്കുകയും ഭക്തജനങ്ങൾക്കും വിനോദ സഞ്ചാരികൾക്കും ഒരുപോലെ ഉപകാരപ്രദമാകത്തക്ക തരത്തിൽ പദ്ധതികൾ വിഭാവനം ചെയ്ത് നടപ്പിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags : NattuVishesham DistrictNews