തകർന്നുകിടക്കുന്ന അഞ്ചുകുഴി - നാറാണംമൂഴി റോഡ്.
അത്തിക്കയം: നാറാണംമൂഴി ഗ്രാമ പഞ്ചായത്തിലെ അഞ്ചുകുഴി - നാറാണംമൂഴി റോഡ് പൂർണമായും തകർന്നു തരിപ്പണമായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് വ്യാപക പരാതി. ചെത്തോങ്കര – അത്തിക്കയം റോഡിലെ അഞ്ചുകുഴിയിൽനിന്ന് ആരംഭിച്ച് മൂങ്ങാപ്പാറ വഴി നാറാണംമൂഴിയിൽ സംഗമിക്കുന്ന റോഡിന്റെ പലഭാഗങ്ങളിലും ടാറിംഗ് ഇളകി മെറ്റൽതന്നെ നഷ്ടപ്പെട്ട സ്ഥിതിയാണ്.
റോഡിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും ടാറിംഗ് പൂർണമായും ഇളകിമാറി മെറ്റലുകൾ മാത്രമായി അവശേഷിക്കുന്ന അവസ്ഥയിലാണ്. ഇതുവഴിയുള്ള വാഹനയാത്ര അങ്ങേയറ്റം ദുഷ്കരവും അപകടം നിറഞ്ഞതുമായി മാറിയിരിക്കുകയാണ്. 15 വർഷത്തോളമായി റോഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നില്ലെന്ന് പറയുന്നു.
നിലവിൽ വലിയ കുഴികളും കൂർത്ത മെറ്റൽ കക്ഷണങ്ങളും നിറഞ്ഞ പാതയിലൂടെ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് കടന്നുപോകാൻ കഴിയാത്ത സാഹചര്യമാണ്. ഇരുചക്ര വാഹന യാത്രികർ മെറ്റലിൽ തെന്നിവീണ് അപകടത്തിൽപെടുന്നത് ഇവിടെ നിത്യസംഭവമായി. ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇവിടേക്ക് വരാൻ മടിക്കുകയാണ്.
റോഡിന്റെ പുനരുദ്ധാരണത്തിനായി നാട്ടുകാർ പലതവണ ജനപ്രതിനിധികളോടും ബന്ധപ്പെട്ട അധികാരികളോടും ആവശ്യപ്പെട്ടിട്ടും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. കാലവർഷം ശക്തമാകുന്നതോടെ ബാക്കി റോഡ് കൂടി പൂർണമായി ഒലിച്ചുപോകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
വളവുകളും കയറ്റങ്ങളുമില്ലാത്ത പാത
ചെത്തോങ്കര - അത്തിക്കയം പാതയിൽ നിരവധി അപകട വളവുകളും കയറ്റവും ഉള്ളപ്പോൾ ഈ പാത ഏറെ സുരക്ഷിതമാണ്. കൊടും വളവുകളില്ല, വശങ്ങളിൽ വലിയ കുഴികളില്ല, ശബരിമല തീർഥാടക വാഹനങ്ങൾക്കും ഭാരവാഹനങ്ങൾക്കും സുഗമമായി യാത്ര ചെയ്യാം. വാഹനങ്ങൾ അഞ്ചുകുഴി, കരികുളം, കക്കൂടുമൺ എന്നിവിടങ്ങളിലെ കയറ്റങ്ങൾ കയറാൻ ഏറെ പ്രയാസപ്പെടുന്പോൾ അഞ്ചുകുഴി - നാറാണംമൂഴി റോഡ് പരിഹാരമാണ്. യാത്രാക്ലേശം പരിഹരിക്കാൻ റോഡിന്റെ റീടാറിംഗ് ജോലികൾ അടിയന്തരമായി ആരംഭിച്ച് ഗതാഗതയോഗ്യമാക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രതിഷേധ പരിപാടികളുമായി രംഗത്തിറങ്ങുമെന്നും നാട്ടുകാർ പറഞ്ഞു.
Tags : Road NattuVishasham DistrictNews