ആറന്മുള സഹകരണ എൻജിനിയറിംഗ് കോളജിൽ നടന്നുവരുന്ന ശുചീകരണ ജോലികൾ.
ആറന്മുള: പന്പ കരകവിഞ്ഞെത്തിയ വെള്ളം ആറന്മുള പുഞ്ചയിൽ ഇപ്പോഴും കായൽപോലെ നിരന്നുകിടക്കുകയാണ്. പുഞ്ചയിലെ സംഭരണിയാണ് ആറന്മുളയിലെയും പടിഞ്ഞാറൻ മേഖലയിലെയും പ്രളയക്കെടുതികളെ ഒരുപരിധിവരെ തടയുന്നത്. പുഞ്ചയ്ക്ക് ഉൾക്കൊള്ളാവുന്നതിലുമധികം വെള്ളം എത്തുന്പോഴാണ് തീരംവിട്ട് പ്രളയം വഴിമാറുക.
2018 - ലെ മഹാപ്രളയ കാലത്തും കുട്ടനാടിനെ രക്ഷിച്ചത് ആറന്മുള പാടശേഖരമായിരുന്നു. ആറന്മുള പുഞ്ച 1500 ഏക്കർ വിസ്തൃതി വരുമെങ്കിൽ ഇതിനോട് ചേർന്നുകിടക്കുന്ന നീർവിളാകം പുഞ്ചയും പമ്പയ്ക്ക് മറുകരയിലുള്ള പൂഴിക്കുന്ന് - വെള്ളങ്ങൂർ പാടശേഖരവും പൂവത്തൂർ ചെമ്പിൽ കണ്ടവും പടമണ്ണും നെല്ലിക്കൽ കോയിപ്രം വയലേലകളും 6000 ഏക്കറിൽ അധികമുണ്ട്.
പുഞ്ചയും പാടശേഖരങ്ങളും തരിശുകിടക്കുകയാണ്. വലിയ അളവിൽ പ്രളയജലത്തെ ഇവ ഏറ്റെടുത്തതിനാലാണ് കെടുതികൾ ഒഴിഞ്ഞത്.
വെള്ളം ഇറങ്ങി, എൻജിനിയറിംഗ് കോളജിൽ ശുചീകരണം
ആറന്മുള: വെള്ളത്തിൽ മുങ്ങിയ ആറന്മുള സഹകരണ എൻജിനിയറിംഗ് കോളജും നഴ്സിംഗ് കോളജും ശുചീകരിച്ചു തുടങ്ങി. ജീവനക്കാരും വിദ്യാർഥികളും ചേർന്നാണ് കോളജിന്റെ ശുചീകരണ ജോലികൾ നടത്തുന്നത്.
തിങ്കളാഴ്ചയോടെ പ്രവർത്തനം പുനരാരംഭിക്കാമെന്ന പ്രതീക്ഷയാണുള്ളത്. വെള്ളപ്പൊക്കത്തിൽ കോളജിന് വൻനഷ്ടം ഉണ്ടായി. താഴത്തെ നില പൂർണമായി മുങ്ങിയിരുന്നു. ക്ലാസ് മുറികളിലടക്കം വെള്ളം കയറി. ഇലക്ട്രോണിക്സ് സാധനങ്ങളും പുസ്തകങ്ങളും അടക്കം നശിച്ചു. ഏതാനും ദിവസങ്ങൾ വെള്ളംകെട്ടിനിന്നിരുന്നു. ഇത് ഒഴിഞ്ഞതോടെയാണ് ശുചീകരണ ജോലികൾ ആരംഭിച്ചത്.