സോളാർ വേലിക്കു സമീപം തൊഴിലാളികൾ വെട്ടിമാറ്റിയ അടിക്കാടുകൾ.
ഇരിട്ടി: ആറളം പുനരധിവാസ മേഖലയിൽ വന്യമൃഗ ആക്രമണം തടയുന്നതിനും വന്യജീവികളുടെ സാന്നിധ്യം മുൻകൂട്ടി അറിയുന്നതിനുമായി നടത്തുന്ന അടിക്കാട് വെട്ടിത്തെളിക്കൽ പൂർണമായും നിലച്ചു. ശമ്പളം മുടങ്ങിയതോടെ രണ്ടാഴ്ചയായി തൊഴിലാളികൾ ജോലി ബഹിഷ്കരിച്ചിരിക്കുകയാണ്. ജൂൺ 11 വരെ മാത്രം തൊഴിലാളികൾക്ക് നാലു ലക്ഷത്തിലധികം രൂപ കുടിശികയുണ്ട്. അതിനുശേഷമുള്ള ജോലികളുടെ ബില്ലുകളും നടപടിക്രമങ്ങൾ പൂർത്തിയാകാതെ കിടക്കുകയാണെന്നും തൊഴിലാളികൾ പറയുന്നു. ശമ്പളം കിട്ടാത്തതിനെ തുടർന്ന് 25 തൊഴിലാളി കുടുംബങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.
പുനരധിവാസ മേഖലയിലെ തൊഴിലാളികളാണ് ടിആർഡിഎമ്മിന്റെ മേൽനോട്ടത്തിൽ അടിക്കാടുകൾ വെട്ടിമാറ്റുന്നത്. പുനരധിവാസ മിഷനാണ് വേതനം നൽകേണ്ടത്. എന്നാൽ, ജൂണിലെ വേതനം ഉൾപ്പെടെ ഇതുവരെ വിതരണം ചെയ്തിട്ടില്ല. ശമ്പളം ആവശ്യപ്പെട്ട് ദിവസേന ടിആർഡിഎം ഓഫീസിലെത്തുന്ന തൊഴിലാളികൾക്ക് നിരാശയാണ് ഫലം. നിലവിൽ 15 മെഷീൻ തൊഴിലാളികളും കത്തി ഉപയോഗിച്ച് വെട്ടിത്തെളിക്കുന്ന 10 തൊഴിലാളികളുമാണ് വേതനത്തിനായി കാത്തിരിക്കുന്നത്.അധികൃതരുടെ അനാസ്ഥയാണ് വേതന വിതരണം വൈകാൻ കാരണമെന്നാണ് തൊഴിലാളികളുടെ ആരോപണം.
അടിക്കാടുകൾ യഥാസമയം നീക്കം ചെയ്യാത്തത് വന്യമൃഗങ്ങൾ ഒളിഞ്ഞിരുന്ന് ആക്രമിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുമെന്ന ആശങ്കയുണ്ട്. തെരുവപ്പുല്ലും കുറ്റിച്ചെടികളും വ്യാപകമായി വളർന്നതോടെ വന്യമൃഗങ്ങളുടെ സാന്നിധ്യം തിരിച്ചറിയുന്നത് ദുഷ്കരമായി. ഓണം അടുത്തെത്തിയ സാഹചര്യത്തിൽ കുടിശിക അടിയന്തരമായി വിതരണം ചെയ്യാൻ സർക്കാർ ഇടപെടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
സ്ഥിരം ഉദ്യോഗസ്ഥരുടെ അഭാവവും തിരിച്ചടി
ഏഷ്യയിലെ ഏറ്റവും വലിയ പുനരധിവാസ മേഖലയായ ആറളത്ത് പദ്ധതികൾ ഏകോപിപ്പിക്കാൻ സ്ഥിരം ഉദ്യോഗസ്ഥരില്ലാത്തത് പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായി ആക്ഷേപമുണ്ട്. രണ്ടായിരത്തോളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ആറളം ഫാം മാനേജിംഗ് ഡയറക്ടർക്കാണ് മേൽനോട്ട ചുമതലയുള്ളതെങ്കിലും ദൈനംദിന പ്രവർത്തനങ്ങളിൽ നേരിട്ട് ഇടപെടാൻ കഴിയുന്ന സാഹചര്യമില്ല. സൈറ്റ് മാനേജർക്കാണ് പ്രധാന ചുമതല. എന്നാൽ തളിപ്പറമ്പിന്റെയും അധിക ചുമതല നൽകിയതിനാൽ ആഴ്ചയിൽ ഏതാനും ദിവസങ്ങൾ മാത്രമാണ് അദ്ദേഹം ആറളത്ത് എത്തുന്നതെന്ന് തൊഴിലാളികൾ പറയുന്നു.