തസ്രാക്കിലെ ഒ.വി. വിജയൻ സ്മാരകത്തിൽ നടന്ന ജന്മദിനാഘോഷങ്ങളുടെ ഉദ്ഘാടനത്തിനുശേഷം ജില്ലാകളക്ടർ കെ. സുധീർ ഫോട്ടോഗാലറി വീക്ഷിക്കുന്നു. - അനിൽ കെ. പുത്തൂർ.
പാലക്കാട്: മൂല്യങ്ങളുടെ സംസ്ഥാപനത്തിലും സമൂഹത്തിന്റെ പുരോഗമനത്തിലും എഴുത്തുകാരും കലാകാരന്മാരും സ്വാധീനം ചെലുത്തുന്നുണ്ടെന്നു ജില്ലാ കളക്ടർ കെ. സുധീർ. ഒ.വി. വിജയൻ സ്മാരക സമിതി തസ്രാക്കിൽ സംഘടിപ്പിച്ച ‘ഖസാക് ഒരു ചിത്രകലാ കാവ്യം’- ഒ.വി. വിജയൻ ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്മാരകസമിതി ചെയർമാൻ ടി.കെ. നാരായണദാസ് അധ്യക്ഷത വഹിച്ചു. ഒ.വി. വിജയന്റെ കൃതികൾ സാംസ്കാരികവും സൗന്ദര്യപരവുമായ വായനകൾക്ക് പുറമേ ദാർശനികമായ വായന കൂടി ആവശ്യപ്പെടുന്നുണ്ടെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ എഴുത്തുകാരൻ സുസ്മേഷ് ചന്ത്രോത്ത് പറഞ്ഞു.
ഭാരതീയ ദർശനങ്ങളെ ധൈഷണികവും ദാർശനികവുമായി അന്വേഷിക്കുകയായിരുന്നു വിജയൻ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിരൂപകനും ഒ.വി. വിജയൻ സ്മാരക സമിതി വൈസ് ചെയർമാനുമായ ആഷാ മേനോൻ സ്മൃതിപ്രഭാഷണം നടത്തി. പ്രഫ.പി.എ. വാസുദേവൻ, ഡോ.സി.പി. ചിത്രഭാനു, ടി.കെ. ശങ്കരനാരായണൻ, ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടി, രഘുനാഥൻ പറളി, ഡോ.പി. മുരളി, ജ്യോതിബായ് പരിയാടത്ത്, സുരേഷ് കോഡൂർ, മോഹൻദാസ് ശ്രീകൃഷ്ണപുരം, രാജേഷ് മേനോൻ, പി.വി. സുകുമാരൻ എന്നിവർ പ്രഭാഷണം നടത്തി. എം. ശിവകുമാർ ചൊൽക്കാഴ്ച അവതരിപ്പിച്ചു. ഡോ.പി.ആർ. ജയശീലൻ സ്വാഗതവും മനോജ് വീട്ടിക്കാട് നന്ദിയും പറഞ്ഞു.
Tags : Nattuvishesham District news