തിരുവനന്തപുരം: തിരുവനന്തപുരം പട്ടണത്തിലേക്ക് ഉൾപ്പെടെ കുടിവെള്ളമെത്തിക്കുന്ന അരുവിക്കര ഡാമിൽ അവശേഷിക്കുന്നത് 26 ദിവസത്തേയ്ക്കുള്ള വെള്ളം.
ഈ സാഹചര്യത്തിൽ അരുവിക്കര ഡാമിൽ നിന്നുള്ള ജലവിതരണം മുടങ്ങാതിരിക്കാൻ നെയ്യാർ ഡാമിൽനിന്നും അരുവിക്കരയിലേക്ക് വെള്ളമെത്തിക്കുന്നതിനുള്ള ക്രമീകരണം ഒരുക്കുമെന്നു ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് 14 ജില്ലകളിൽ നിന്നുമുള്ള ഉദ്യോഗസ്ഥരുടെ സംസ്ഥാനതല അവലോകന യോഗത്തിനു ശേഷമായിരുന്നു മന്ത്രി ഇക്കാര്യം അറിയിച്ചത്.
നിലവിലെ ജലനിരപ്പ് അനുസരിച്ച് 26 ദിവസത്തേക്കുള്ള ജലമാണ് അരുവിക്കരയിലുള്ളത്. ഈ സാഹചര്യത്തിൽ മുൻകരുതലെന്ന നിലയിൽ നെയ്യാർ ഡാമിൽനിന്ന് ജലം എത്തിക്കാൻ നടപടി സ്വീകരിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെന്നു മന്ത്രി അറിയിച്ചു. 2016-ൽ ഇതേ നടപടി സ്വീകരിച്ചിരുന്നു.
ഈ മാതൃക പിന്തുടർന്നാകും പേപ്പാറ ഡാമിൽ നിന്ന് അരുവിക്കരയിലേക്ക് ജലമെത്തിക്കുന്ന നദിയിലേക്ക് നെയ്യാർ ഡാമിൽനിന്ന് ജലം എത്തിക്കുന്നത്. ഇതിനായി 73 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയതായും മന്ത്രി അറിയിച്ചു. ജില്ലയിൽ നിലവിൽ അതിരൂക്ഷമായ കുടിവെള്ള പ്രശ്നമില്ല.
എന്നാൽ ഭാവിയെ മുൻനിർത്തി ചില നടപടികൾ സ്വീകരിക്കേണ്ട സാഹചര്യമാണുള്ളത്. പേപ്പാറ ഡാമിലെ ജലനിരപ്പ് ഉയർത്തുകയാണ് ഏറ്റവും എളുപ്പത്തിൽ സ്വീകരിക്കാൻ കഴിയുന്ന മാർഗം. എന്നാൽ വനം വകുപ്പ്് ഉയർത്തുന്ന തടസവാദവും പരിഗണിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി. വിഴിഞ്ഞം മേഖലയിലെ വെള്ളായണി ഭാഗത്ത് ജലക്ഷാമം പരിഹരിക്കാൻ അവിടേക്ക് വെള്ളം എത്തിക്കുന്ന കനാലിന്റെ അറ്റുകുറ്റപ്പണികൾ പൂർത്തിയാക്കി. ഇന്നു മുതൽ ജലം ഈ മേഖലയിൽ ലഭ്യമാകും. ടെക്നോ പാർക്ക്, കഴക്കൂട്ടം ഭാഗത്ത് പൈപ്പ് വർക്കുകൾ നടന്നു വരികയാണ്.
എന്നാൽ റോഡ് കട്ടിംഗ് അനുമതി വൈകുന്നതിനാൽ പണി തടസപ്പെട്ട അവസ്ഥയാണ്. ഇതിന് പരിഹാരം കാണാൻ നിർദേശിച്ചതായും മന്ത്രി പറഞ്ഞു.
കടൽവെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കാനുള്ള പഠനം തുടങ്ങുമെന്നു മന്ത്രി റോഷി അഗസ്റ്റിൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഭാവിയിലുണ്ടാവാൻ സാധ്യതയുള്ള വരൾച്ച മുൻനിർത്തി കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി കടൽ വെള്ളം ശുദ്ധീകരിക്കുന്നതുൾപ്പെടെയുള്ള നടപടികൾ ആലോചിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ.
ശക്തമായ വേനലിന്റെ പശ്ചാത്തലത്തിൽ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ച്ചയിലായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കുടിവെള്ള ആവശ്യം ഓരോ വർഷവും കൂടി വരികയാണ്. ഇതു മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾക്ക് ഇപ്പോഴേ രൂപം നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
മൈക്രോ ജലസംഭരണികൾ സ്ഥാപിക്കുന്നത് പരിഗണിക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഇങ്ങനെ സംഭരിക്കുന്ന ജലം പൈപ്പ് വഴി പ്രധാന ടാങ്കിലേക്ക് എത്തിക്കുന്നതിലൂടെ ജലംസഭരണം സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. തമ്മനത്ത് ടാങ്ക് തകർന്നതു മൂലമുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ പകരം സംവിധാനം ഒരുക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
അവലോകന യോഗത്തിൽ എല്ലാ ജില്ലയിൽ നിന്നുമുള്ള ഉയർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു. എറണാകുളം നായരന്പലം, തൃക്കാക്കര, കടമക്കുടി മേഖലകളിൽ നാലു ദിവസത്തിലൊരിക്കൽ മാത്രമാണ് വെള്ളം കൊടുക്കാൻ കഴിയുന്നതെന്നും . ജലക്ഷാമം മൂലമുള്ള താൽക്കാലിക ക്രമീകരണം മാത്രമാണിതെന്നും ഇതു പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പച്ചാളം, വടുതല ഭാഗങ്ങളിൽ ജലക്ഷാമം നേരിടുന്നതായും യോഗത്തിൽ റിപ്പോർട്ട് ചെയ്തു. അവിടെയുള്ള ഒരു ഓവർ ഹെഡ് ടാങ്കുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ ആണ് കാരണം. ഇത് ഒരാഴ്ചയ്ക്കുള്ളിൽ പരിഹരിക്കാമെന്ന് സൂപ്രണ്ടിംഗ് എൻജിനീയർ മന്ത്രിക്ക് ഉറപ്പു നല്കി.