മെഡിക്കല്‍ കോളജിലെ എംആര്‍ഐ സ്കാനിംഗ് മെഷീന്.
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് സൂപ്പർ സ്പെഷാലിറ്റിയിൽ പുതുതായി സ്ഥാപിച്ച എംആർഐ സ്കാനിംഗ് മെഷീന് പ്രവർത്തനമാരംഭിക്കാത്തത് രോഗികൾക്ക് ദുരിതമാകുന്നു. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ അവസാനകാലത്ത് അഞ്ച് കോടിയോളം ചെലവഴിച്ചാണ് മെഷീൻ സ്ഥാപിച്ചത്.
മാസങ്ങൾ കഴിഞ്ഞിട്ടും സേവനം ജനങ്ങൾക്ക് ലഭ്യമാകാത്തതിനെ തുടർന്ന് രോഗികൾ വലിയ തുക നൽകി സ്വകാര്യ സ്ഥാപനങ്ങളിൽനിന്ന് എംആർഐ എടുക്കേണ്ട സ്ഥിതിയാണ്. എസിയുമായി ബന്ധപ്പെട്ട പ്രശ്നമാണ് പ്രവർത്തനം തുടങ്ങാൻ തടസമെന്ന് അധികൃതർ പറയുന്നു. ആരോഗ്യ ഇൻഷ്വറൻസ് ഉപയോഗിച്ച് ചികിത്സ തേടുന്ന രോഗികൾ എംആർഐ സ്കാനിംഗിനായി അത്യാഹിത വിഭാഗത്തെയാണ് ആശ്രയിക്കുന്നത്.
എന്നാൽ, ഇവിടെ അത്യാസന്ന നിലയിലുള്ളവർക്ക് വേഗത്തിൽ എംആർഐ എടുക്കേണ്ടതിനാൽ ഒന്നര മാസംവരെ കഴിഞ്ഞുള്ള തീയതിയാണ് ലഭിക്കുന്നത്. വാർഡിൽ ചികിത്സയിലുള്ളവർക്ക് ചികിത്സ തുടരണമെങ്കിലും ഡിസ്ചാർജാകണമെങ്കിലും എംആർഐ ഫലം ആവശ്യമാണ്.
അതിനാൽ പലരും കെഎച്ച്ആർഡബ്ല്യുഎസിൽനിന്നോ എച്ച്എൽഎല്ലിൽനിന്നോ 3000 രൂപ അടച്ച് സ്കാൻ ചെയ്താണ് ചികിത്സ തുടരുന്നത്. ഇവിടെയും തിരക്കുകൂടിയതോടെ പലരും സ്വകാര്യ സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്.
Tags : Medical College NattuVishasham DistrictNews