നാദാപുരം: പത്ത് വയസുകാരനെ പ്രകൃതി വിരുദ്ധ പീഢനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 22 വർഷം കഠിന തടവും 50000 രൂപ പിഴയും ശിക്ഷ വിധിച്ചു. വളയം സ്വദേശി കല്ലിൽ മഹമ്മൂദ് (49)നെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ദേവൻ കെ. മേനോൻ ശിക്ഷിച്ചത്.
2021 ഓഗസ്റ്റ് പതിനഞ്ചാം തിയതി വിദേശത്ത് നിന്ന് നാട്ടിലേക്ക് വന്ന ദിവസമാണ് പ്രതി പത്ത് വയസ് കാരനെ പീഡനത്തിനിരയാക്കിയത്. വിദ്യാർഥിയെ പ്രതിയുടെ സ്വന്തം വീട്ടിനകത്തേക്ക് വിളിച്ചു കയറ്റി പ്രകൃതി വിരുദ്ധ പീഡനവും ലൈംഗികാതിക്രമവും നടത്തുകയായിരുന്നു.
പത്ത് വയസുകാരന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെ വിദേശത്തേക്ക് കടന്ന പ്രതിക്കെതിരേ ലുക്ക് ഔട്ട് സർക്കുലർ ഇറക്കുകയും വിദേശത്ത് നിന്ന് തിരിച്ചു വരുന്ന അവസരത്തിൽ പ്രതിയെ വളയം പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി. വളയം ഇൻസ്പെക്ടർ എ. അജിഷാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
പ്രതിക്കെതിരേ വ്യാജ രേഖകൾ സമർപ്പിച്ചു എന്നാരോപിച്ച് പ്രതി കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ, പരാതിക്കാരനെ ചികിത്സിച്ച നാദാപുരം ഗവ. ആശുപത്രിയിലെ ഡോ. പ്രജിത, വളയം പോലീസ് സ്റ്റേഷനിലെ എഎസ്ഐ കുഞ്ഞുമോൾ എന്നിവർക്കെതിരേ കോടതിയിൽ സ്വകാര്യ അന്യായം ബോധിപ്പിച്ചിരുന്നെങ്കിലും കോടതി തള്ളി.
Tags : Nattuvishesham Districtnews