കൊമ്മേരിയിൽ റോഡിലേക്ക് ചാഞ്ഞു കിടക്കുന്ന മുളങ്കൂട്ടം.
നെടുംപൊയിൽ: തലശേരി–കൂർഗ് അന്തർസംസ്ഥാന പാതയിൽ റോഡിലേക്ക് ചാഞ്ഞ മുളങ്കാടുകൾ വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും അപകട ഭീഷണി ഉയർത്തുന്നു. നെടുംപൊയിൽ–കോളയാട് റോഡിൽ കൊമ്മേരി ഉൾപ്പെടെ വിവിധ ഭാഗങ്ങളിലാണ് റോഡരികിലെ മുളങ്കാടുകൾ റോഡിലേക്ക് ചാഞ്ഞും വീണും കിടക്കുന്നത്.
നിരവധി തവണ ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഫലപ്രദമായ നടപടി സ്വീകരിച്ചിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. എല്ലാ വർഷവും മഴക്കാലം ആരംഭിക്കുമ്പോൾ ഉണങ്ങി ദ്രവിച്ച മുളങ്കാടുകൾ റോഡിലേക്ക് പതിക്കുന്നത് പതിവാണ്. നിലവിൽ റോഡിലേക്ക് വീഴുന്ന മുളങ്കമ്പുകൾ മാത്രം മുറിച്ചുമാറ്റുകയാണ് ചെയ്യുന്നത്. കഴിഞ്ഞയാഴ്ച നെടുംപൊയിൽ പെട്രോൾ പമ്പിന് സമീപം കൂറ്റൻ മുളങ്കാടുകൾ റോഡിലേക്ക് പതിച്ചതിനെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടിരുന്നു. അപകടഭീഷണി ഉയർത്തുന്ന മുളങ്കാടുകൾ പൂർണമായും നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാണ്.
Tags : Bamboo thickets NattuVishasham DistrictNews