പ്രതീകാത്മക ചിത്രം
ഇരിട്ടി: ആറളം പുനരധിവാസ മേഖലയിലെ അപകടകാരിയായ കെഎം1 എന്ന മോഴയാനയെ കണ്ടെത്താനായി ഓപ്പറേഷൻ മഖനയുടെ രണ്ടാം ദിവസം നടത്തിയ തെരച്ചിലിലും ആനയെ കണ്ടെത്തിയില്ല. ആന വനത്തിലേക്ക് കയറിയിട്ടുണ്ടാകുമെന്നാണ് നിഗമനം. വനത്തിലേക്ക് കടന്നാലും ഏതാനും ദിവസങ്ങൾക്കുള്ളിൽ ജനവാസ മേഖലയിൽ തിരിച്ചെത്തുന്ന രീതിയാണ് കെഎം1ന്റേതെന്നതിനാൽ വരും ദിവസങ്ങളിൽ തിരിച്ചെത്തുമെന്നാണ് കരുതുന്നത്. അതേ സമയം ആനയെ മയക്കുവെടിവച്ച് പിടികൂടുന്നതുമായി ബന്ധപ്പെട്ട നടപടികളും പുരോഗമിക്കുന്നുണ്ട്.
ആനയെ കണ്ടെത്തി മയക്കുവെടിവച്ച് പിടികൂടിയാൽ താത്കാലികമായി താമസിപ്പിക്കാനുള്ള ആനക്കൊട്ടിലിന്റെ നിർമാണ നടപടികൾ ആരംഭിച്ചു. നിശ്ചിത നീളത്തിലും വലുപ്പത്തിലുമുള്ള തടികൾ യൂക്കാലിപ്റ്റസ് മരത്തടികൾ ഉപയോഗിച്ചാണ് ആനക്കൊട്ടിൽ നിർമിക്കുക. ആവശ്യമായ മരങ്ങൾ കണ്ടെത്തി മുറിക്കുന്നതിനുള്ള അനുമതി വനംവകുപ്പ് നൽകിയിട്ടുണ്ട്.
ആനക്കൊട്ടിൽ ഒരുക്കുക ആറളത്ത്
മയക്കുവെടിവച്ച് പിടികൂടുന്ന കെഎം1നെ താത്കാലികമായി പാർപ്പിക്കുന്നതിനായി ആനക്കൊട്ടിൽ ആറളത്ത് തന്നെ ഒരുക്കാനാണ് സാധ്യത. പിടികൂടുന്ന കാട്ടാനയെ നേരിട്ട് വയനാട്ടിലെ മുത്തങ്ങയിലേക്ക് മാറ്റാനായിരുന്നു ആറളം വൈൽഡ് ലൈഫ് വിഭാഗം ആലോചിച്ചിരുന്നത്. പിടികൂടി വാഹനത്തിൽ ഇടത്താവളത്തിൽ എത്തിക്കുകയും പിന്നീട് മുത്തങ്ങയിലേക്ക് കൊണ്ടു പോകുകയും ചെയ്യേണ്ടി വരുന്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കുക എന്നതാണ് ഇത്തരമൊരു തീരുമാനത്തിലെത്തിച്ചത്.
എന്നാൽ മുത്തങ്ങ ഭാഗത്തെ ജനങ്ങൾ എതിർപ്പു പ്രകടിപ്പിച്ചതോടെയാണ് തീരുമാനം മാറ്റിയത്. ആനക്കൊട്ടിൽ ഒരുക്കി പിടികൂടുന്ന ആനയെ കൊട്ടിലിൽ താത്കാലികമായി പാർപ്പിക്കുന്ന കാര്യത്തിൽ ഉന്നതല തീരുമാനം ലഭിക്കേണ്ടതുണ്ട്.
ഒന്പത് വർഷം മുമ്പ് ആറളത്ത് നിന്ന് ചുള്ളിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടിയപ്പോഴും ആറളത്ത് തന്നെയായിരുന്നു കൊട്ടിൽ ഒരുക്കിയത്. ലക്ഷങ്ങൾ ചെലവിട്ട് മാസങ്ങളോളം പരിചരണം നൽകിയ ശേഷമാണ് ചുള്ളിക്കൊമ്പനെ മുത്തങ്ങയിലേക്ക് മാറ്റിയത്. എന്നാൽ മുത്തങ്ങയിലെത്തിച്ച് രണ്ട് വർഷത്തിനുള്ളിൽ ആന ചരിഞ്ഞത് ഏറെ ചർച്ചായിരുന്നു.
Tags : Operation Makhna NattuVishasham DistrictNews