പ്രതീകാത്മക ചിത്രം
മാഹി: 2027-28 അധ്യയന വർഷത്തോടെ മാഹിയിൽ സ്ഥിരം കാമ്പസ് ആരംഭിക്കാൻ പുതുച്ചേരി സർവകലാശാല. മാഹി, കേരളം, ദക്ഷിണ കർണാടക എന്നിവിടങ്ങളിലെ വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസ അവസരങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നതെന്ന് സർവകലാശാല പത്രക്കുറിപ്പിൽ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി ചാലക്കരയിൽ ഏകദേശം മൂന്ന് ഏക്കർ സ്ഥലം സ്കൂൾ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ നിയന്ത്രണത്തിൽനിന്ന് പ്രതിവർഷം അഞ്ച് രൂപ പാട്ടവാടകയ്ക്ക് 19 വർഷത്തേക്ക് സർവകലാശാലയ്ക്ക് അനുവദിച്ചിട്ടുണ്ട്. ജനുവരി രണ്ടിന് പുറത്തിറക്കിയ സർക്കാർ ഉത്തരവോടെയാണ് ഭൂമി കൈമാറ്റ നടപടികൾക്ക് അംഗീകാരം ലഭിച്ചത്.
ലഫ്. ഗവർണർ കെ. കൈലാസനാഥൻ, മുഖ്യമന്ത്രി എൻ. രംഗസ്വാമി എന്നിവരുടെ പിന്തുണയും വൈസ് ചാൻസലർ പ്രഫ. പി. കെ. ബാബുവിന്റെ ഇടപെടലുമാണ് പദ്ധതി യാഥാർഥ്യമാക്കാൻ സഹായിച്ചതെന്ന് സർവകലാശാല അറിയിച്ചു. 2025 ഒക്ടോബറിൽ മാനേജ്മെന്റ് പഠനവിഭാഗത്തിലെ ഇന്റർനാഷണൽ ബിസിനസ് വിഭാഗം മേധാവി ഡോ. രാജേഷ് വിശ്വനാഥനെ മാഹി കാമ്പസ് പദ്ധതിയുടെ പ്രത്യേക ഓഫീസറായി നിയമിച്ചിരുന്നു. മാഹി മേഖലാ അഡ്മിനിസ്ട്രേഷന്റെയും മറ്റ് സർക്കാർ വകുപ്പുകളുടെയും ഏകോപനത്തോടെ പദ്ധതിയുടെ നടപടികൾ വേഗത്തിലായി.
കാമ്പസ് പ്രവർത്തനം ആരംഭിക്കുന്നതോടെ പ്രദേശത്തിന്റെ സാമ്പത്തിക, ടൂറിസം മേഖലകളിലും വളർച്ചയ്ക്ക് വഴിയൊരുങ്ങുമെന്നാണ് വിലയിരുത്തൽ. അന്താരാഷ്ട്ര വ്യാപാരം, ലോജിസ്റ്റിക്സ്, സപ്ലൈ ചെയിൻ മാനേജ്മെന്റ്, ബാങ്കിംഗ് ടെക്നോളജി, ഫിൻടെക്, ഡാറ്റാ അനലിറ്റിക്സ് തുടങ്ങിയ വ്യവസായധിഷ്ഠിത ബിരുദ കോഴ്സുകൾ ആരംഭിക്കാനും സർവകലാശാലയ്ക്ക് പദ്ധതിയുണ്ട്.
Tags : Puducherry University NattuVishasham DistrictNews