അപകട ഭീഷണിയായി പുഴയിലേക്ക് ചാഞ്ഞുവീണ മരങ്ങൾ.
പൈസക്കരി: പയ്യാവൂർ പഞ്ചായത്ത് പതിനഞ്ചാം വാർഡിലെ വണ്ണായിക്കടവ്-പൈസക്കരി റോഡിനോട് ചേർന്നുള്ള പുഴയുടെ ഇരുവശങ്ങളിൽ നിന്ന് പുഴയിലേയ്ക്ക് ചാഞ്ഞുവീണുകിടക്കുന്ന വൻമരങ്ങൾ അപകട ഭീഷണി ഉയർത്തുന്നു.
പുഴയിൽ എല്ലാ മഴക്കാലങ്ങളിലും പതിവായ വെള്ളപ്പൊക്കം ഈ വർഷം ഇതുവരെ ഉണ്ടായിട്ടില്ലാത്തതിനാൽ ഇതുവരെ അപകടങ്ങൾ സംഭവിച്ചിട്ടില്ല. എന്നാൽ കനത്ത മഴയിൽ പുഴയിലെ ജലനിരപ്പ് ഉയരുമ്പോൾ വീണു കിടക്കുന്ന മരങ്ങൾ ഒഴുകി ഉയരം കുറഞ്ഞ പാലത്തിൽ തടഞ്ഞുനിൽക്കുമ്പോൾ വെള്ളം കരകവിഞ്ഞൊഴുകി താഴെ ഭാഗത്തുള്ള വീടുകളുടെയും കൃഷിയിടങ്ങളുടെയും നാശങ്ങൾക്കും കാരണമാകും. കടപുഴകിയ മരങ്ങൾ ഒഴുകിയെത്തി പാലത്തിന്റെ കൈവരികൾ തകരുന്നതും പതിവു സംഭവമാണ്.
നിലവിൽ ഈ ഭാഗത്ത് പലയിടങ്ങളിലും വിള്ളലുണ്ടായിട്ടുള്ളതായും നാട്ടുകാർ പറഞ്ഞു. പുഴയിൽ വെള്ളപ്പൊക്കമുണ്ടായാൽ സംഭവിക്കാനിടയുള്ള ദുരന്തമൊഴിവാക്കാൻ വീണു കിടക്കുന്ന മരങ്ങൾ ഉടൻ തന്നെ മുറിച്ചു നീക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Tags : Trees NattuVishasham DistrictNews