കോഴിക്കോട് അപകടത്തിൽ തകർന്ന സ്വകാര്യ ബസ് .
കോഴിക്കോട്: പുഷ്പ ജംഗ്ഷനിൽ പിവിഎസ് സൺറൈസ് ഹോസ്പിറ്റലിന് സമീപം സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു. അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു.
കരുവൻതുരുത്തി-മെഡിക്കൽ കോളേജ് റൂട്ടിൽ സർവീസ് നടത്തുന്ന ഫേവറൈറ്റ് എന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. ഫ്രാൻസിസ് റോഡ് മേൽപ്പാലത്തിന്റെ താഴെഭാഗത്തേക്ക് ബസ് ഇടിച്ചു കയറുകയായിരുന്നു. ബസിൽ വിദ്യാർഥികൾ ഉൾപ്പെടെ 60 ഓളം യാത്രക്കാരുണ്ടായിരുന്നു.
ഫ്രാൻസിസ് റോഡ് മേൽപ്പാലത്തിന് താഴെ വീതി കുറഞ്ഞ റോഡിലൂടെ ബസ് അമിതവേഗതയിലാണ് സഞ്ചരിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു. ബസ് പാലത്തിന്റെ കോൺക്രീറ്റ് ബീമിൽ ഇടിച്ചു കയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. ബസിന്റെ സ്റ്റിയറിംഗുമായി ബന്ധപ്പെട്ട സാങ്കേതികപ്രശ്നമാണ് അപകടത്തിന് വഴി വെച്ചതെന്ന് ബസ് ജീവനക്കാർ വ്യക്തമാക്കി. യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന രീതിയിൽ നഗരത്തിൽ സ്വകാര്യബസ് മത്സരയോട്ടം നടത്തുന്നത് തടയാൻ മോട്ടോർ വാഹന വകുപ്പും പോലീസും ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags : Nattuvishesham Districtnews