മോഷ്ടാവ് സിസിടിവി കാമറയിൽ പതിഞ്ഞപ്പോൾ.
മുക്കം: വെള്ള വസ്ത്രം ധരിച്ച് പ്രേത ലുക്കിൽ രാത്രി ഇറങ്ങി നടക്കുന്ന മോഷ്ടാവ് നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നു. കാരശേരി പഞ്ചായത്തിലെ മലാംകുന്ന് ഭാഗത്താണ് "പ്രേത' വേഷവിധാനങ്ങളോടെ എത്തുന്നയാൾ പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നത്. ഇതിനിടെ കഴിഞ്ഞ ദിവസം മോഷ്ടാവിന്റെ ദൃശ്യങ്ങൾ സിസിടിവി കാമറയിൽ പതിഞ്ഞു.
കഴിഞ്ഞ ദിവസം പ്രദേശത്തെ ഒരു പള്ളിയിലെ ബാറ്ററിയും സമീപ വീടുകളിൽ നിന്ന് റബർ ഷീറ്റുകളും മോഷ്ണം പോയിരുന്നു. ഇതിന് പിന്നാലെയാണ് മലാങ്കുന്ന് സ്വദേശിയായ ശിഹാബിന്റെ വീട്ടിലെ സിസിടിവി കാമറയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. മുമ്പും സമാനമായ രീതിയിലുള്ള കുറ്റകൃത്യങ്ങൾ ഈ പ്രദേശത്ത് നടന്നിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. രാത്രിയിൽ സ്ത്രീയുടെ മാല പൊട്ടിച്ച സംഭവവും ഇവിടെ റിപ്പോർട്ട് ചെയ്തിരുന്നു. രാത്രികാലങ്ങളിൽ പുറത്തിറങ്ങാൻ പോലും കഴിയാത്തവിധം ഭയപ്പാടിലാണ് നിലവിൽ മലാംകുന്നിലെ കുടുംബങ്ങൾ.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസും നാട്ടുകാരും തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. പ്രദേശത്ത് രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നും ഭീതി പരത്തുന്ന മോഷ്ടാവിനെ ഉടൻ വലയിലാക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.
Tags : Nattuvishesham Districtnews