അറസ്റ്റിലായ അരുൺ
കൊറ്റംകുളം: പെരിഞ്ഞനത്ത് ചായക്കടയിൽ അതിക്രമിച്ചുകയറി വാൾകാട്ടി വധഭീഷണി മുഴക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുംചെയ്ത കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു.
പെരിങ്ങോട്ടുകര സ്വദേശി വടക്കേക്കുന്നത്ത് വീട്ടിൽ അരുൺ(18), ഇയാളുടെ കൂട്ടാളിയായ, പ്രായപൂർത്തിയാകാത്തയാളെയുമാണ് കയ്പമംഗലം പോലീസ് പിടികൂടിയത്. കഴിഞ്ഞദിവസം രാവിലെ പത്തുമണിയോടെ പെരിഞ്ഞനം സെന്ററിന്റെ വടക്കുഭാഗത്ത് 'കട്ടൻസ്' എന്ന ടീ ഷോപ്പിലായിരുന്നു സംഭവം. കടയിൽവച്ച് പ്രതികൾ സിഗരറ്റ് വലിക്കുകയും ഒന്നാം പ്രതി ഫോണിലൂടെ ഉച്ചത്തിൽ അസഭ്യം പറയുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് കടയുടമ വിനയകുമാർ ഇവരോട് കടയ്ക്ക് പുറത്തുപോകാൻ ആവശ്യപ്പെട്ടു.
ഇതിന്റെ വൈരാഗ്യത്താൽ പ്രതി വാളുമായി കടയ്ക്കുള്ളിലേക്ക് അതിക്രമിച്ചുകയറി വിനയകുമാറിനുനേരെ വധഭീഷണി മുഴക്കുകയായിരുന്നു. അരുൺ വലപ്പാട്, അന്തിക്കാട്, കയ്പമംഗലം പോലീസ് സ്റ്റേഷൻ പരിധികളിലായി മൂന്ന് ക്രിമിനൽക്കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പ്രായപൂർത്തിയാകാത്തയാളെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെ ഹാജരാക്കും.
കയ്പമംഗലം സ്റ്റേഷൻ എസ്എച്ച്ഒ ബിജിത്ത്, ഗ്രേഡ് എസ്ഐ രമേഷ്, ഗ്രേഡ്എ സീനിയർ സിപിഒമാരായ ജോസഫ്, സുനിൽകുമാർ, സിനോജ്, രജനീഷ്, പ്രജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Tags : Arrest Nattuvishesham District News