തെരുവുനായ
പേവിഷബാധ സംബന്ധിച്ച റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനകം
നെയ്യാറ്റിൻകര: നെയ്യാറ്റിന്‍കര ടിബി ജംഗ്ഷനു സമീപം മരുത്തൂരില്‍ മൂന്നുപേരെ ആക്രമിച്ച തെരുവുനായയുടെ ജഡം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഹെല്‍ത്ത് ആന്‍ഡ് വെറ്ററിനറി ബയോളജിക്കല്‍ ലാബില്‍ പരിശോധനയ്ക്ക് അയച്ചു. നായയ്ക്കു പേവിഷ ബാധയുണ്ടോ എന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് രണ്ടുദിവസത്തിനകം ലഭിക്കുമെന്നു വൈസ് ചെയര്മാന് കെ.കെ. ഷിബു അറിയിച്ചു.
തെരുവുനായകളുടെ ശല്യം രൂക്ഷമാകുന്നുവെന്നു പുതിയ ഭരണസമിതിയോട് കൗണ്‍സില്‍ യോഗത്തില്‍ മുന്‍പു കൗണ്‍സിലര്‍മാര്‍ പരാതിപ്പെട്ടിട്ടുണ്ട്. പ്രശ്നപരിഹാരത്തിനായി പദ്ധതി തയാറാക്കുന്നുണ്ടെന്നായിരുന്നു നഗരസഭ കൗണ്‍സിലര്‍മാര്‍ക്കു ലഭിച്ച മറുപടി. തെരുവുനായകള്‍ക്ക് ഉചിതമായ ഷെല്‍ട്ടറിനു സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും അതുമായി ബന്ധപ്പെട്ട പ്രോജക്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും എന്നാല്‍ ഡിപിസി ചേരുകയോ പ്രോജക്ട് അംഗീകരിക്കുകയോ ചെയ്തിട്ടില്ലെന്നും നഗരസഭ ചെയര്‍പേഴ്സണ്‍ ഡബ്ല്യൂ.ആര്. ഹീബ ഇന്നലെ "ദീപിക' യോട് പറഞ്ഞു.
കഴിഞ്ഞ ദിവസം തെരുവുനായയുടെ കടിയേറ്റ മൂന്നുപേരില്‍ ഒരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും രണ്ടുപേര്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും ചികിത്സ തേടി. കഴിഞ്ഞദിവസം ആക്രമണ സ്വഭാവം പ്രകടിപ്പിച്ച തെരുവുനായയെ ഈ പരിസരത്ത് കണ്ടിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും നഗരത്തിലെ അക്രമാസക്തരായ നായകളെ യഥാസമയം നീക്കം ചെയ്തുവരുന്നതായും നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മഞ്ജു രാജേഷ് പറഞ്ഞു.
അതേ സമയം, തെരുവുനായ ഈ പരിസരത്ത് മറ്റാളുകളെയോ വളര്‍ത്തുമൃഗങ്ങളെയോ ഉപദ്രവിച്ചിട്ടുണ്ടോയെന്നത് അന്വേഷിക്കണമെന്ന് മുന്‍ കൗണ്‍സിലര്‍ കൂട്ടപ്പന മഹേഷ് ആവശ്യപ്പെട്ടു.
Tags : Nattuvishesham DistrictNews DeepikaNews dog attack