റെജി
അഞ്ചല്‍ : വീട്ടമ്മയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒപ്പം കഴിയുന്ന ആണ് സുഹൃത്ത് അറസ്റ്റില്‍. കല്ലമ്പലം സ്വദേശി റെജി (47) ആണ് പിടിയിലായത്.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് റെജി ഒപ്പം താമസിക്കുന്ന അഞ്ചല്‍ ഇടമുളക്കല്‍ വാഴോട് കല്ലുവിള പുത്തന്‍വീട്ടില്‍ ലിസി (49) യെ ടിന്നര്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ലിസി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പിടിയിലായ റെജി ലിസിക്കൊപ്പം നാലുമാസത്തോളമായി ഇടമുളയ്ക്കല്‍ വാഴോടുള്ള വീട്ടിലാണ് താമസിച്ചുവരുന്നത്. ലിസി ഹോം നഴ്സിംഗ് ജോലി ചെയ്തുവരികയാണ്. ഈ ജോലിക്കു പോകുന്നത് റെജി വിലക്കിയിരുന്നു. എന്നാല്‍ വീണ്ടും അതേ ജോലിക്ക് ലിസി പോയതിന്റെ വൈരാഗ്യത്തില്‍ കട്ടിലില്‍ കിടക്കുകയായിരുന്ന ലിസിയുടെ ശരീരത്തേക്ക് പെയിന്റിംഗിനായി ഉപയോഗിക്കുന്ന ടിന്നര്‍ ഒഴിക്കുകയും ലൈറ്റര്‍ ഉപയോഗിച്ച് തീ കൊളുത്തുകയുമായിരുന്നു.
പൊള്ളലേറ്റ ലിസിയെ ആശുപത്രിയില്‍ എത്തിച്ചതും റെജി തന്നെയായിരുന്നു. ആദ്യം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ലിസിയെ മുഖത്തും കൈകള്‍ക്കും വയറിലും നെഞ്ചിലും ഗുരുതരമായി പരിക്കേറ്റതോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായായിരുന്നു.
വിവരമറിഞ്ഞ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയാണ് പ്രതിയായ റെജിയെ അഞ്ചല്‍ പൊലിസ് കസ്റ്റഡിയില്‍ എടുത്തത്. വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ വൈദ്യ പരിശോധന പൂര്‍ത്തിയാക്കിയശേഷം എസ്എച്ച്ഒ ഗോപകുമാറിന്റെ നേതൃത്വത്തില്‍ സംഭവം നടന്ന വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഫോറന്‍സിക് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.