പ്രതീകാത്മക ചിത്രം
പാറശാല: തുടര്‍ച്ചയായി ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടക്കുന്ന പാറശാല മേഖലയില്‍ കഴിഞ്ഞ ദിവസം മുര്യങ്കര ഇലങ്കം ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിലും മോഷണശ്രമം. രാത്രിയില്‍ ക്ഷേത്രമതില്‍ ചാടിക്കടന്നെത്തിയ മോഷ്ടാവ്, ഡ്യൂട്ടിയിലുണ്ടായിരുന്ന പാറാവുകാരന് ഉണര്‍ന്നതോടെ ഓടി രക്ഷപ്പെടുകയായിരുന്നു.
മതില്ചാടിക്കടക്കുന്നതിനിടയില് നിലത്തുവീഴുന്നതും സിസിടിവി. ദൃശ്യങ്ങളിലുണ്ട്. വാച്ചറുടെ സമയോചിതമായ ഇടപെടല്‍മൂലം മോഷണശ്രമം പരാജയപ്പെട്ടെങ്കിലും മോഷ്ടാവിന്റെ ദൃശ്യം സിസിടിവി കാമറകളിൽ പതിഞ്ഞിട്ടുണ്ട്. തിരുവിതാംകൂര്‍ദേവസ്വം ബോര്‍ഡിനു കീഴിലെ ക്ഷേത്രമാണിത്. അധികൃതര്‍ പാറശാല പോലിസില്‍ പരാതി നല്കി. പാറശാലയിലും പരിസരങ്ങളിലും കഴിഞ്ഞ നാല് മാസത്തിനിടെ നിരവധി ക്ഷേത്രമോഷണങ്ങളാണ് നടന്നത്. പട്രോളിംഗ് ശക്തമാക്കണമെന്നും പ്രതികളെ എത്രയും വേഗം പിടികൂടണമെന്നും നാട്ടുകാരും ക്ഷേത്രഭാരവാഹികളും ആവശ്യപ്പെട്ടു. മോഷണശ്രമത്തില്‍ പാറശാല പൊലിസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Tags : Nattuvishesham DistrictNews DeepikaNews