ഇടവകദിനാഘോഷം ആർച്ച് ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ ഉദ്ഘാടനം ചെയ്യുന്നു.
തിരുവമ്പാടി: പുതുതലമുറയ്ക്ക് നൽകുന്ന വിദ്യാഭ്യാസത്തിലൂടെയാണ് നാട് പുരോഗതി കൈവരിക്കുന്നതെന്ന് കോഴിക്കോട് ആർച്ച്ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ. തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയുടെ 82-ാം ഇടവകാദിനാഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കുടിയേറ്റ കാലം സഹനങ്ങളുടെ കാലമായിരുന്നു. വിശ്വാസത്തിന്റെ തീക്ഷ്ണതയിലൂടെയാണ് പൂർവികർ അന്നത്തെ പ്രതിസന്ധികളെ അതിജീവിച്ചത്. ചരിത്രത്തിന്റെ പാഠങ്ങൾ മറക്കാതെ പുതുതലമുറ അവ ഓർത്തുവയ്ക്കണം. കുടിയേറ്റ കാലത്തേതുപോലെ ഇന്നും സമൂഹം വിവിധ പ്രതിസന്ധികളെ അഭിമുഖീകരിക്കുകയാണ്.
ഇത് കുടിയിറക്കത്തിന്റെ കാലം കൂടിയാണ്. വിദേശരാജ്യങ്ങളിലേക്കുള്ള കുടിയേറ്റവും കാർഷിക പ്രതിസന്ധി മൂലം മലയോര മേഖലകളിൽനിന്നുള്ള കുടിയിറക്കവും യാഥാർഥ്യബോധത്തോടെ കാണണം. പൂർവീകർ കൈമാറിയ വിശ്വാസത്തിന്റെയും പ്രത്യാശയുടെയും സ്നേഹത്തിന്റെയും തിരി കെട്ടുപോകാതെ പുതുതലമുറയ്ക്ക് കൈമാറാൻ കഴിയണമെന്നും ആർച്ച്ബിഷപ് പറഞ്ഞു.
ആർച്ച് ബിഷപ് ഡോ. വർഗീസ് ചക്കാലക്കലിന് ഇടവകയുടെ നേതൃത്വത്തിൽ സ്വീകരണവും നൽകി. ഫൊറോന പള്ളി വികാരി ഫാ. തോമസ് നാഗപറമ്പിൽ പൊന്നാട അണിയിച്ച് മംഗളപത്രം സമർപ്പിച്ചു.
സമ്മേളനത്തിൽ സിഎംസി പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ പവിത്ര റോസ്, അസിസ്റ്റന്റ് വികാരി ഫാ. സാവിയോ മലമ്പേൽ, പാരിഷ് സെക്രട്ടറി തോമസ് വലിയപറമ്പൻ, ട്രസ്റ്റിമാരായ ബെന്നി കിഴക്കേപ്പറമ്പിൽ, റോബിൻസൺ കുബ്ലാട്ടുകുന്നേൽ, ബേബി ആലയ്ക്കൽ, സിബി വെട്ടിക്കാട് എന്നിവർ പ്രസംഗിച്ചു.
ഇടവകയുടെ നേതൃത്വത്തിൽ സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ സഹകരണത്തോടെ ഒരു വർഷംകൊണ്ട് നിർമിച്ച അഞ്ച് വീടുകളുടെ താക്കോൽദാനവും ചടങ്ങിൽ നടത്തി.
ബേബി പെരുമാലിൽ കർഷക അവാർഡ് ജേതാവ് രാജേഷ് സിറിയക് മണിമലത്തറപ്പേലിന് ആർച്ച്ബിഷപ് സമ്മാനിച്ചു. വിവാഹജീവിതത്തിന്റെയും സമർപ്പിത ജീവിതത്തിന്റെയും ജൂബിലി ആഘോഷിക്കുന്നവരെയും വ്യക്തിഗത സംസ്ഥാന പുരസ്കാരം നേടിയവരെയും ചടങ്ങിൽ ആദരിച്ചു.
ഇടവകയിലെ മികച്ച കുടുംബ യൂണിറ്റുകൾക്കുള്ള പുരസ്കാരങ്ങളും വിതരണം ചെയ്തു.
Tags : Nattuvishesham DistrictNews DeepikaNews