പ്രതീകാത്മക ചിത്രം
മാനന്തവാടി: ബ്ലോക്ക് പഞ്ചായത്ത് പള്ളിക്കൽ ഡിവിഷൻ ഉപതെരഞ്ഞെടുപ്പ് ഇന്ന് നടക്കും. പള്ളിക്കൽ ഡിവിഷൻ അംഗമായിരുന്ന ഉഷാ വിജയൻ എംഎൽഎ ആയതിനെ തുടർന്ന് രാജിവച്ച സീറ്റിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
യുഡിഎഫ് സ്ഥാനാർഥിയായി ലീലാ ഗോവിന്ദനും എൽഡിഎഫ് സ്ഥാനാർഥിയായി ജി. രമ്യയും എൻഡിഎ സ്ഥാനാർഥിയായി ശ്രീജ ബാലചന്ദ്രനുമാണ് മത്സരിക്കുന്നത്. എടവക പഞ്ചായത്തിലെ ഏഴ് വാർഡുകൾ ഉൾപ്പെടുന്നതാണ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പള്ളിക്കൽ ഡിവിഷൻ. 8,736 വോട്ടർമാരാണുള്ളത്.
മാനന്തവാടി ഹിൽബ്ലൂംസ് സ്കൂൾ, പാണ്ടിക്കടവ് താഹിയത്തുൽ ഇസ്ലാം മദ്രസ, പയിങ്ങാട്ടിരി ഗവ. എൽപി സ്കൂൾ, മാനന്തവാടി ഗവ. കോളജ്, പുതിയിടംകുന്ന് സെന്റ് പോൾസ് എൽപി സ്കൂൾ, പള്ളിക്കൽ ഗവ.എൽപി സ്കൂൾ എന്നിവിടങ്ങളിലായി 10 പോളിംഗ് കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. റിട്ടേണിംഗ് ഓഫീസർ ഡെപ്യൂട്ടി കളക്ടർ ജയശ്രീ വാര്യർ, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫിസർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ഇഖ്ബാൽ എന്നിവരുടെ സാന്നിധ്യത്തിൽ സെന്റ് പാട്രിക്സ് സ്കൂളിൽ നിന്നും ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട 55 ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് സാമഗ്രികൾ ഏറ്റ് വാങ്ങി.
മാനന്തവാടി എഎസ്പി ബി. കാർത്തിക്കിന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിന്നായി 90 പൊലിസ് സേനാംഗങ്ങളെയും ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. 29ന് രാവിലെ 10 മുതൽ സെന്റ് പാട്രിക്സ് സ്ക്കൂളിലാണ് വോട്ടെണ്ണൽ.
Tags : Nattuvishesham DistrictNews DeepikaNews