ചെങ്ങന്നൂർ: പാണ്ടനാട് ആർകെവി സ്കൂളിന് സമീപം കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. പായിപ്പാട് സ്വദേശി വാവച്ചൻ (52) ആണ് അന്തരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന ഇയാളുടെ പ്രായമായ ബന്ധുവായ സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് മൂന്നോടെയായിരുന്നു അപകടം.
ചെങ്ങന്നൂർ മാർക്കറ്റിൽ മത്സ്യക്കച്ചവടം കഴിഞ്ഞ് ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു വാവച്ചൻ. പാണ്ടനാട് ഭാഗത്തുനിന്നും ചെങ്ങന്നൂരിലേക്ക് വരികയായിരുന്ന കാർ, മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ നിന്നെത്തിയ ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കാർ അമിതവേഗതയിലായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു.
ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയുടെ മുൻവശം പൂർണമായും തകർന്നു. ഗുരുതരമായി പരിക്കേറ്റ വാവച്ചനെ ഉടൻ തന്നെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാർഡ് അംഗം ശുഭാ രാജേഷിന്റെ നേതൃത്വത്തിലാണ് നാട്ടുകാർ ചേർന്ന് ഉടനടി രക്ഷാപ്രവർത്തനം നടത്തിയത്.
അപകടത്തിനു പിന്നാലെ കാറോടിച്ചിരുന്ന പാണ്ടനാട് തുരുത്തിക്കാട്ടിൽ ആദിൽ അനിൽ (19) വാഹനത്തിൽനിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടു. തുരുത്തിക്കാട്ടിൽ സൂര്യകുട്ടിയുടെ ഉടമസ്ഥതയിലുള്ളതാണ് അപകടമുണ്ടാക്കിയ കാർ. ചെങ്ങന്നൂർ പോലീസ് സ്ഥലത്തെത്തി കാർ കസ്റ്റഡിയിലെടുത്തു.
ഒളിവിൽ പോയ ഡ്രൈവർക്കായി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags : Nattuvishesham Local News Auto driver dies auto collision