പുല്ലൂറ്റ്: കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസമേഖലയിൽ വലിയ കുതിപ്പ് ഈ സർക്കാർ സൃഷ്ടിച്ചുവെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. കെകെടിഎം ഗവ. കോളജിന്റെ അക്കാദമിക്, കായിക, ഗവേഷണ മേഖലകളെ കൂടുതൽ ശക്തിപ്പെടുത്തുന്ന മൂന്ന് പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ഒന്പതുകോടി മുപ്പത്തഞ്ച് ലക്ഷം രൂപ ചെലവിൽ നിർമിച്ച ഇൻഡോർ സ്റ്റേഡിയം, റൂസ 2.0 പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച നെറ്റ്വർക്ക് റിസോഴ്സ് സെന്റർ, കൂടാതെ പുതുക്കിയ എം. എൻ. വിജയൻ ലൈബ്രറി & ആർക്കൈവ്സ് എന്നിവയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്.
പിടിഎ, അലുമിനി അസോസിയേഷൻ, കോളജ് ഡെവലപ്മെന്റ് കമ്മിറ്റി, റൂസ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ കൊടുങ്ങല്ലൂർ എംഎൽഎ അഡ്വ. വി. ആർ. സുനിൽകുമാർ അധ്യക്ഷത വഹിച്ചു.
കോളജ് പ്രിൻസിപ്പാൾ പ്രഫ. ഡോ. ആർ. രമ്യ, മുനിസിപ്പൽ ചെയർപേഴ്സൻ ഹണി പീതാംബരൻ, വൈസ് പ്രിൻസിപ്പാൾ പ്രഫ. ഡോ. ജി. ഉഷാകുമാരി, കായിക വകുപ്പ് മേധാവി പ്രഫ. ഡോ. ഷഫീഖ് വി. എ., ഐ ക്യു എ സി കോർഡിനേറ്റർ ഡോ. ലൗലി ജോർജ്, വാർഡ് കൗൺസിലർ ചൈതന്യ ബിജു , അലുമിനി പ്രസിഡന്റ് അൻവർ അലി, കോളജ് യൂണിയൻ ചെയർമാർ പി.പി. സ്നേഹിത്, പിടിഎ വൈസ് പ്രസിഡണ്ട് സജു ശ്രീകുമാർ, പിടിഎ സെക്രട്ടറി ആർ. രാഗ എന്നിവർ പ്രസംഗി ച്ചു.
സ്റ്റേഡിയത്തിന്റെ പ്രത്യേകതകൾ
തൃശൂർ ജില്ലയിലെത്തന്നെ വലിയ ഇൻഡോർ സ്റ്റേഡിയങ്ങളിൽ ഒന്നായ ഈ സ്റ്റേഡിയത്തിന് ഏകദേശം 2451 ചതുരശ്ര മീറ്റർ വിസ്തീർണം ഉണ്ട്.
സ്റ്റേഡിയത്തിൽ നാല് ബാഡ്മിന്റൺ കോർട്ടുകളും, മൂന്ന് വോളിബോൾ കോർട്ടുകളും, ഒരു ബാസ്കറ്റ്ബോൾ കോർട്ടും ഒരുക്കിയിട്ടുണ്ട്. ഇതുകൂടാതെ ടേബിൾ ടെന്നീസ്, ബോക്സിംഗ്, ജുഡോ, റെസ്ലിംഗ്, കരാട്ടെ തുടങ്ങിയ വിവിധ ഇൻഡോർ കായിക ഇനങ്ങളിൽ പരിശീലനവും മത്സരങ്ങളും നടത്താൻ ആവശ്യമായ സൗ കര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
മൂന്ന് നിലകളിലായി എട്ട് മുറികൾ കളിക്കാർക്കും പരിശീലകർക്കും ഒഫീഷ്യൽസിനും താമസ സൗകര്യമായി ഒരുക്കിയിട്ടുണ്ട്. കൂടാതെ വാഷ് റൂമുകൾ, ഓഫീസ് മുറി, മീഡിയ റൂം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒരേസമയം ഏകദേശം അയ്യായിരം പേർക്ക് മത്സരങ്ങൾ കാണാൻ കഴിയുന്ന സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ തൃശൂർ ജില്ലയിലെ വലിയ കായികമേളകൾക്കും സംസ്ഥാനതല മത്സരങ്ങൾക്കും വേദിയാകാനുള്ള ശേഷി കൊടുങ്ങല്ലൂരിനു ലഭിക്കും.
യുഡിഎഫ് പ്രതിഷേധ ധർണ നടത്തി
കൊടുങ്ങല്ലൂർ: പൊള്ളയായ അവകാശവാദം നടത്തി പുല്ലൂറ്റിൽ കെകെടിഎം കോളജ് ഗ്രൗണ്ടിൽ പണിത ഇൻഡോർ സ്റ്റേഡിയത്തിന്റെ ഉദ്ഘടനം നടത്തിയ എംഎൽഎയുടെ നടപടിയിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രതിഷേധ ധർണ നടത്തി.
പത്തുവർഷംമുൻപ് ടി.എൻ. പ്രതാപൻ എംഎൽഎയായിരിക്കുമ്പോൾ ഇൻഡോർ സ്റ്റേഡിയത്തിന്റെ 80 ശതമാനത്തോളം പണി കഴിഞ്ഞിരുന്നു. എന്നിട്ടും ഉദ്ഘാടനത്തിന് ടി.എൻ. പ്രതാപന് ഒരു ക്ഷണക്കത്തുപോലും അയച്ചില്ല. ഇതിൽ പ്രതിഷേധിച്ചുമാണ് ധർണ നടത്തിയത്.
കെകെടിഎം കോളജ് കവാടത്തിൽ നടത്തിയ ധർണ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ് ഇ.എസ്. സാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ്് കെ.പി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ്് യൂസഫ് പടിയത്ത്, പി.വി. രമണൻ, കവിത മധു, ഇ.എസ്. സഗീർ, ഇ.എസ്. സിറാജ്, പി.എൻ. മോഹനൻ, കെ.എസ്. കമറുദീൻ, സി.എസ്. തിലകൻ, ടി.കെ. ലാലു, സേവ്യർ പങ്കേത്ത്, പോളി വിതയത്തിൽ, മുൻഷിർ, സി.ആർ. പമ്പ, എൻ.കെ. ഇസ്മയിൽ, എം.ബി. മുരളി, എം.എ. ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു.
Tags : nattu visheshsam Big leap higher education