വെള്ളറക്കാട് കൊല്ലൻപടിയിൽ മറിഞ്ഞ ഓട്ടോറിക്ഷയിൽ ബൈക്കിടിച്ചുണ്ടായ അപകടം.
എരുമപ്പെട്ടി: വെള്ളറക്കാട് കൊല്ലൻപടി തേജസ് കോളജിനു സമീപം നിയന്ത്രണംവിട്ട് മറിഞ്ഞ ഓട്ടോറിക്ഷയിൽ ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരനു പരിക്കേറ്റു. തയ്യൂർ അയ്യപ്പത്ത് വീട്ടിൽ ദിനേശി(29) നാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ ഒന്പതോടെയാണ് അപകടം ഉണ്ടായത്. നേന്ത്രവാഴക്കുലകളുമായി കുന്നംകുളത്തുനിന്ന് വരികയായിരുന്ന ഓട്ടോറിക്ഷ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ നിയന്ത്രണംവിട്ട് റോഡിലേക്കു മറിയുകയായിരുന്നു.
ഈ സമയം വടക്കാഞ്ചേരി ഭാഗത്തുനിന്ന് വരികയായിരുന്ന മറ്റൊരു ബൈക്ക് മറിഞ്ഞ ഓട്ടോറിക്ഷയിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് ഓട്ടോറിക്ഷയുടെ മുകൾ ഭാഗം പൊളിച്ച് ഉള്ളിലേക്കു കയറി. ഓട്ടോറിക്ഷ ഡ്രൈവർ പരിക്കൊന്നുമേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ ദിനേശനെ എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.