കേരള നിയമസഭ പാസാക്കിയ പ്രമേയത്തിന്റെ പകർപ്പ് കത്തിച്ച് പ്രതിഷേധിക്കുന്ന പ്രതിപക്ഷ ബിജെപി - എംഎൽഎമാർ
തിരുവനന്തപുരം: എസ്ഐആറുമായി ബന്ധപ്പെട്ട് നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ ബിജെപി നിയമസഭയ്ക്കു മുന്നിലേക്ക് മാര്‍ച്ച് നടത്തി. സഭയില്‍ അവതരിപ്പിച്ച പ്രമേയം ബിജെപി എംഎല്‍എമാര്‍ നിയമസഭയ്ക്ക് പുറത്ത് കത്തിച്ചു. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ നിയമസഭ പ്രമേയം പാസാക്കിയത് രാഷ്ട്രീയ നാടകമാണെന്ന് പ്രതിഷേധ പരിപാടിയില്‍ പ്രസംഗിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. സംസ്ഥാന സര്‍ക്കാര്‍ അധികാരത്തിലെത്തി 150 ദിവസം പൂര്‍ത്തിയാക്കുമ്പോള്‍ നല്കിയ വാഗ്ദാനങ്ങളുടെ പുരോഗതി വ്യക്തമാക്കണമെന്നും പവര്‍കട്ട്, തൊഴിലില്ലായ്മ, വിലക്കയറ്റം, ശബരിമലയിലെ ക്രമക്കേടുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ മറുപടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എസ്ഐആര്‍ വിഷയത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും വ്യത്യസ്ത നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന് ബിജെപി എംഎല്‍എ വി. മുരളീധരന് ആരോപിച്ചു. മറ്റു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടപ്പോള്‍ വോട്ടര്‍പട്ടിക പരിഷ്കരണത്തെ എതിര്‍ക്കുകയും കേരളത്തില്‍ വിജയിച്ചപ്പോള്‍ അനുകൂലിക്കുകയും ചെയ്യുന്നതിന്റെ അടിസ്ഥാനമെന്താണെന്നും അദ്ദേഹം ചോദിച്ചു. ബിജെപി നിയമസഭാ കക്ഷിനേതാവ് ബി.ബി. ഗോപകുമാര്‍, ബിജെപി നേതാക്കളായ ശോഭാ സുരേന്ദ്രന്, എസ്. സുരേഷ്, അനൂപ് ആന്റണി തുടങ്ങിയവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.
Tags : SIR resolution NattuVishasham DistrictNews