മണത്തണ–ഓടന്തോട് റോഡ് നവീകരിച്ച് ബിഎംബിസി ടാറിംഗ് നടത്തുന്നതിനുമുന്പായി കലുങ്ക്, ഓടകൾ എന്നിവയുടെ പ്രവൃത്തി ആരംഭിച്ചപ്പോൾ.
പേരാവൂർ: വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ തകർന്നു തരിപ്പണമായിക്കിടന്ന മണത്തണ–ഓടന്തോട് റോഡിന്റെ നവീകരണപ്രവൃത്തികൾ ആരംഭിച്ചു. സംസ്ഥാനത്തെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ മേഖലയായ ആറളം ഫാമിലേക്കുള്ള പ്രധാന പാതകളിലൊന്നാണിത്.
ബജറ്റ് വിഹിതത്തിൽ ഉൾപ്പെടുത്തി 4.50 കോടി രൂപ ചെലവഴിച്ച് ബിറ്റുമിനസ് മെക്കാഡം ആൻഡ് ബിറ്റുമിനസ് കോൺക്രീറ്റ് ടാറിംഗ് നടത്തിയാണ് റോഡ് നവീകരിക്കുന്നത്. ടാറിംഗ് ഡിസംബർ അവസാനത്തോടെ പൂർത്തീകരിക്കും.
ഭരണാനുമതി ലഭിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും റോഡിന്റെ നവീകരണം പ്രവൃത്തി ആരംഭിക്കാത്തത് വൻ ജനരോഷത്തിന് ഇടയാക്കിയിരുന്നു. പൂർണമായും ഓടന്തോട് പാലം വരെയുള്ള ഭാഗങ്ങൾ നവീകരിക്കുന്നതിനായി 5.80 കോടി രൂപയുടെ എസ്റ്റിമേറ്റാണ് സമർപ്പിച്ചിരുന്നതെങ്കിലും നിലവിൽ 4.50 കോടി രൂപയാണ് അനുവദിച്ചത്.
തുക കുറഞ്ഞ സാഹചര്യത്തിൽ അവസാനഘട്ടത്തിലുള്ള ഏകദേശം ഒരു കിലോമീറ്റർ ഭാഗം നിലവിലെ പദ്ധതിയിൽനിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ ഭാഗം മറ്റൊരു പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കാനാണ് തീരുമാനം. നിലവിൽ റോഡിലെ കലുങ്കുകളുടെയും ഓടകളുടെയും നിർമാണപ്രവൃത്തികളാണ് നടക്കുന്നത്.
Tags : NattuVishesham DistrictNews