എടക്കര: കാൽപ്പന്തുകളിയുടെ ആവേശം നെഞ്ചിലേറ്റിയ മലപ്പുറത്തിന്റെ അതിർത്തി നാടുകളിൽ ബ്രസീൽ-അർജന്റീന ഫാൻസുകാർ തമ്മിൽ ഫ്ളക്സ് യുദ്ധം. എടക്കര മുണ്ടയിലാണ് ലോകകപ്പിനെ വരവേറ്റ് രണ്ട് ടീമുകളുടെയും ആരാധകർ തമ്മിൽ ഒരാഴ്ചയായി ഫ്ളക്സ് യുദ്ധം ആരംഭിച്ചത്. അർജന്റീന ആരാധകർ 350 അടി നീളമുള്ള ഫ്ളക്സ് ബോർഡ് അടിച്ച് റോഡരികിൽ സ്ഥാപിക്കാനുള്ള പ്രാരംഭ നടപടികൾ ആരംഭിക്കുകയും ബ്രസീൽ ആരാധകരെ വെല്ലുവിളിക്കുകയും ചെയ്തു.
ഇതോടെ സടകുടഞ്ഞെണീറ്റ ബ്രസീൽ ആരാധകർ 400 അടി നീളമുള്ള ഫ്ളക്സ് അഞ്ച് ദിവസം കൊണ്ട് റോഡരികിൽ സ്ഥാപിച്ചു കഴിഞ്ഞു. ഇതുകണ്ടപ്പോൾ തങ്ങൾ സ്ഥാപിക്കാനിരുന്ന 350 അടി ഫ്ളക്സ് അർജന്റീനക്കാർ 600 പ്ലസ് ആക്കാൻ തീരുമാനിച്ചു. ഈ തീരുമാനം ബ്രസീൽ ആരാധകരെ ഫ്ളക്സിന്റെ നീളം കൂട്ടാൻ വീണ്ടും പ്രേരിപ്പിക്കുകയാണ്.
അർജന്റീനക്കാർ 600 അടിവച്ചാൽ തങ്ങൾ 900 അടി നീളമുള്ള ഫ്ളക്സ് ബോർഡ് വയ്ക്കുമെന്നാണ് ബ്രസീൽ ആരാധകർ ഇപ്പോൾ പറയുന്നത്. രണ്ട് ടീമുകളുടെയും ആരാധകർ തമ്മിൽ രണ്ടാഴ്ച്ചയായി തുടരുന്ന ഫ്ളക്സ് യുദ്ധം അവസാനിക്കുന്നില്ല.
മുണ്ട ജാസ് ക്ലബ് പ്രവർത്തകരും പ്രദേശവാസികളും സുഹൃത്തുക്കളുമാണ് ഇരുടീമുകളുടെയും ആരാധകർ. ഫ്ളക്സ് ബോർഡ് അടിക്കാൻ രണ്ട് ലക്ഷം രൂപയോളം ഇരുവിഭാഗം ആരാധകർക്കും ചെലവ് വന്നിട്ടുണ്ട്. ആരാധകരായ പ്രവാസി സുഹൃത്തുക്കളുടെ അകമഴിഞ്ഞ സഹായം ഇരുകൂട്ടർക്കുമുണ്ട്.
മുണ്ട അങ്ങാടി മുതൽ പാലാട് വരെയുള്ള കെഎൻജി റോഡിന്റെ ഇരുവശങ്ങളിലുമായാണ് ഇവർ ഫ്്ളക്സുകൾ സ്ഥാപിക്കുന്നത്. രാത്രി ഫ്ളക്സ് ബോർഡ് കാണാൻ ലൈറ്റ് സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ബ്രസീൽ ഫാൻസ് സ്ഥാപിച്ച ഫ്ളക്സിൽ പെലെ അടക്കമുള്ള ബ്രസീലിന്റെ ഇതിഹാസ താരങ്ങളും ലോകകപ്പ് നേടിയ ചിത്രങ്ങളും കപ്പുകളും നിറഞ്ഞു നിൽക്കുന്നു. ഇതോടൊപ്പം ഇന്ത്യൻ ടീമും ഒരിക്കൽ വരുമെന്ന പ്രത്യാശയോടെ ഇന്ത്യൻ ടീമിന്റെ ഫോട്ടോയും കൊടുത്തിട്ടുണ്ട്.
കാറപകടത്തിൽ മരിച്ച പോർച്ചുഗീസ് താരം ഡിയാഗോ ജോട്ടയുടെ ചിത്രം കണ്ണീരോർമയായി ബ്രസീലുകാർ ചേർത്തിട്ടുമുണ്ട്. ഇത്രയ്ക്ക് ആരാധകരില്ലെങ്കിലും പോർച്ചുഗലിനും മുണ്ടയിൽ ഫ്ളക്സ് ബോർഡ് ഉയർന്നിട്ടുണ്ട്. ലോക റിക്കാർഡാണ് തങ്ങളുടെ ഫ്ളക്സുകളെന്ന് ഇരുകൂട്ടരും അവകാശപ്പെടുന്നു.
എതിർടീമുകളുടെ ആരാധകരാണെങ്കിലും ജാസ് ക്ലബിൽ ഒരുക്കുന്ന പ്രോജക്ടറിൽ ഒരുമിച്ചിരുന്നാണ് ഇരുകൂട്ടരും ലോകകപ്പ് കാണുക.
Tags : Local News Nattuvishesham Malappuram