നിലന്പൂർ: അരുവാക്കോട് കുംഭാര നഗർ വികസന പദ്ധതിയുടെ ഭാഗമായി നിർമിച്ച കെട്ടിടത്തിന്റെ പ്രവർത്തനോദ്ഘാടനം മന്ത്രി കെ.എ. തുളസി നിർവഹിച്ചു. പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം പണിതത്. ഉദ്ഘാടനം നിർവഹിച്ച മന്ത്രി കെട്ടിടം ഗുണഭോക്താക്കൾക്കായി തുറന്നുകൊടുത്തു.
പരന്പരാഗത കളിമണ്‍പാത്ര നിർമാണ തൊഴിലാളികൾ അധിവസിക്കുന്ന പ്രദേശങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് പൊതുവർക്ക് ഷെഡ്, ചൂള, യന്ത്രസാമഗ്രികൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ അനുവദിക്കുന്ന കുംഭാര നഗർ വികസന പദ്ധതിയുടെ ഭാഗമായി, ആദ്യഘട്ടമെന്ന നിലയിലാണ് കെട്ടിടം നിർമിച്ചത്.
പരന്പരാഗത തൊഴിലിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതുതലമുറക്ക് തൊഴിൽ പരിശീലനം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. ആര്യാടൻ ഷൗക്കത്ത് എംഎൽഎ, കളക്ടർ ഡോ. വിനയ് ഗോയൽ, പിന്നാക്ക വിഭാഗ വികസന വകുപ്പ് പാലക്കാട് മേഖല ഡെപ്യൂട്ടി ഡയറക്ടർ പി.വി. ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.
Tags : nattu vishesham Aruvakkode Kumbhara Nagar development