എരഞ്ഞോളി ശ്രീനാരായണ മഠത്തിനു മുന്നിലെ ഭണ്ഡാരം കുത്തിപ്പൊളിച്ച നിലയിൽ
തലശേരി: എരഞ്ഞോളി കുടക്കളത്ത് ശ്രീനാരായണ മഠത്തിലും നിടുങ്ങോട്ടും കാവിനടുത്ത കടയിലും കവർച്ച. ശ്രീനാരായണമഠത്തിനകത്ത് കയറിയ കള്ളൻ ഭണ്ഡാരത്തിന്റെ പൂട്ട് തകർത്ത് പണം കവർന്നു. രണ്ടായിരത്തോളം രൂപ നഷ്ടപ്പെട്ടതായി മഠം സെക്രട്ടറി യു.എൻ.വിനീഷ് പറഞ്ഞു.
ഏതാനും മാസങ്ങൾക്ക് മുന്പ് ഭണ്ഡാരം തുറന്ന് പണമെടുത്തതിനാൽ കൂടുതൽ സംഖ്യ ഉണ്ടാവില്ലെന്നാണ് നിഗമനം. നിടുങ്ങോട്ടും കാവിന് മുൻ വശത്ത് എരഞ്ഞോളി കാർത്തികത്തിലെ പി. നിർമലയുടെ ഉടമസ്ഥതയിലുള്ള പലചരക്ക് കടയിലാണ് കവർച്ച നടന്നത്. മേശവലിപ്പിൽ സൂക്ഷിച്ച മൂവായിരത്തോളം രൂപ കവർന്നു. സമീപത്തെ മറ്റൊരു കടയിലും കയറി. കടകളുടെ ഷട്ടറിന്റെ പൂട്ടുകൾ തകർത്താണ് മോഷ്ടാവ് അകത്തു കടന്നത്. ഞായറാഴ്ച രാത്രിയായിരുന്നുസംഭവം.
ഒരു ഗൃഹപ്രവേശന ചടങ്ങിലേക്കുള്ള ഭക്ഷണത്തിനായി പുലർച്ചെ കോഴിയിറച്ചി വാങ്ങാൻ പോവുകയായിരുന്ന യുവാക്കളാണ് കടയിൽ നടന്ന മോഷണത്തെ കുറിച്ച് ആദ്യം അറിഞ്ഞത്. കടയുടെ ഷട്ടർ ഉയർത്തി വച്ച് ഉള്ളിൽ ലൈറ്റിട്ട നിലയിൽ കണ്ടതിനെ തുടർന്ന് ഉടമയെ വിവരം അറിയിക്കുകയായിരുന്നു. തലശോരി പോലീസും സ്ഥലത്തെത്തി. സമീപത്തെ സിസിടിവി. ദൃശ്യങ്ങൾ ശേഖരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
Tags : Burglary Nattuvishesham District News