ചങ്ങനാനാശേരി: റോഡ് സഞ്ചാരയോഗ്യമാക്കി ബസ് ഓടാന്‍ കെഎസ്ടിപി അനുമതി നല്കിയാല് തുരുത്തി-മുളയ്ക്കാംതുരുത്തി-വാലടി റൂട്ടില്‍ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ചങ്ങനാശേരി കെഎസ്ആര്‍ടിസി ഡിപ്പോ അധികൃതർ. റോഡ് വികസനത്തിന്റെ ഭാഗമായി വാലടി ഒന്നാംകലുങ്ക് നിര്‍മാണം നടന്നപ്പോള്‍ കെഎസ്ടിപി നോട്ടീസ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഈ റൂട്ടിലെ ബസ് സര്‍വീസുകള്‍ നിര്‍ത്തിവച്ചത്.
കലുങ്ക് നിര്‍മാണം പൂര്‍ത്തിയായിട്ടും ബസുകള്‍ ഓടാന്‍ കെഎസ്ടിപി നിര്‍ദേശം നല്‍കിയിട്ടില്ല. ഇതിനാലാണ് ബസ് സര്‍വീസുകള്‍ പുനരാരംഭിക്കാത്തതെന്നും കെഎസ്ആര്‍ടിസി അധികൃതര്‍ പറഞ്ഞു. ബസുകള്‍ ഒഴികെ മറ്റെല്ലാ വാഹനങ്ങളും ഈ റൂട്ടില്‍ ഓടുന്നുണ്ടെന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടന്ന ജില്ലാ വികസനസമിതി യോഗത്തില്‍ തുരുത്തി-മുളയ്ക്കാംതുരുത്തി-വാലടി റൂട്ടില്‍ സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നത് ചങ്ങനാശേരി ഡിപ്പോയില്‍ നിന്നുള്ള ബസുകളാണെന്ന് കെഎസ്ആര്‍ടിസിയെ പ്രതിനിധീകരിച്ചെത്തിയ ആലപ്പുഴ ഡിപ്പോയിലെ ഉദ്യോഗസ്ഥന് യോഗത്തില്‍ വിശദീകരിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ വിഷയം ആലപ്പുഴ ഡിപ്പോ അധികൃതര്‍ ചങ്ങനാശേരി ഡിപ്പോയിലെ കണ്ട്രോളിംഗ് ഇന്‍സ്പെക്ടറെ ഫോണില്‍ അറിയിച്ചു. എന്നാല്‍ റോഡ് നിര്‍മാണ ചുമതലയുള്ള കെഎസ്ടിപി അധികൃതര്‍ രേഖാമൂലം അറിയിച്ചാലേ ബസ് സര്‍വീസുകള്‍ പുനരാരംഭിക്കാനാകൂവെന്ന് ചങ്ങനാശേരി ഡിപ്പോ
അധികൃതര്‍ ചൂണ്ടിക്കാട്ടി.
കെഎസ്ആര്‍ടിസിയുടെ കുത്തകയായ ഈ റൂട്ടില്‍ ബസ് സര്‍വീസ് ഇല്ലാത്തതുമൂലം കടുത്ത യാത്രാക്ലേശമാണ് അനുഭവപ്പെടുന്നത്. ബന്ധപ്പെട്ട ജനപ്രതിനിധികള്‍ ഇടപെട്ട് റോഡ് സഞ്ചാരയോഗ്യമാക്കി ബസ് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
ചങ്ങനാശേരി മാര്‍ക്കറ്റ്, പറാൽ, കുമരങ്കരി, വാലടി വഴിയാണ് ഇപ്പോള്‍ കെഎസ്ആര്‍ടിസി ബസുകള്‍ കാവാലത്തേക്ക് സര്‍വീസ് നടത്തുന്നത്. ഈ ആവശ്യം ഉന്നയിച്ച് വരും ദിവസങ്ങളില്‍ സന്നദ്ധസംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ ആരംഭിക്കാനും ആലോചനകള്‍ നടക്കുന്നുണ്ട്.
Tags : Local News Nattuvishesham Kottayam