കോട്ടയം: ദേശീയ സെന്‍സസിന്റെ ആദ്യ ഘട്ടമായി കുടുംബങ്ങള്‍ സ്വന്തമായി ഓണ്‍ലൈനില്‍ വിവരങ്ങള്‍ നല്കുന്ന സെല്‍ഫ് എന്യുമറേഷനില്‍ സജീവമായി പങ്കുചേര്‍ന്ന് ജില്ലയിലെ കോളജുകള്‍. കോളജുകളിലെ ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് കാമ്പസുകളില്‍ സെല്‍ഫ് എന്യുമറേഷന് നടത്തുന്നത്.
കുടുംബാംഗങ്ങളില്‍ ഏതെങ്കിലും ഒരാള്‍ക്ക് സെല്‍ഫ് എന്യുമറേഷന് നടത്താന്‍ കഴിയും. അതുകൊണ്ടുതന്നെ കുടുംബത്തെ പ്രതിനിധീകരിച്ചാണ് വിദ്യാര്‍ഥികള്‍ പോര്‍ട്ടലില്‍ വിവരങ്ങള്‍ നല്‍കുന്നത്. സെല്‍ഫ് എന്യുമറേഷനിലെ 34 ചോദ്യങ്ങളും ലളിതമായതുകൊണ്ടുതന്നെ അനായാസം ഉത്തരം നല്‍കാനാകും. ബോധവത്കരണ ക്ലാസിനെത്തുടര്‍ന്ന് സെല്‍ഫ് എന്യുമറേഷന് നടത്തുന്ന രീതിയിലാണ് കാമ്പസുകളിലെ ക്രമീകരണമെന്ന് കാമ്പസുകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന അഡീഷണല്‍ ജില്ലാ സെന്‍സസ് ഓഫീസര്‍ പി.എ. അമാനത്ത് പറഞ്ഞു.
കടുത്തുരുത്തി ഗവ. പോളിടെക്നിക്, ഐഎച്ച്ആര്‍ഡി പുതുപ്പള്ളി, കെജി കോളജ് പാമ്പാടി, ചങ്ങനാശേരി എസ്ബി കോളജ്, ചങ്ങാശേരി ക്രിസ്തുജ്യോതി കോളജ് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ടെക്നോളജി, പാലാ സെന്റ് ജോസഫ്സ് കോളജ് ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്നോളജി, ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജ്, മുരിക്കുംവയല്‍ ശ്രീ ശബരീശ കോളജ്, പാത്താമുട്ടം സെന്റ്ഗിറ്റ്സ് കോളജ്, വൈക്കം ശ്രീമഹാദേവ കോളജ്, കടുത്തുരുത്തി കോളജ് ഓഫ് അപ്ലൈഡ് സയന്‍സസ്, പള്ളം ബിഷപ് സ്പീച്ച്ലി കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്, ചേര്‍പ്പുങ്കല്‍ ബിഷപ് വയലില്‍ മെമ്മോറിയല്‍ ഹോളിക്രോസ് കോളജ്, മണര്‍കാട് സെന്റ് മേരീസ് കോളജ്, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് എന്നിവിടങ്ങളില്‍ ഇതിനോടകം സെല്‍ഫ് എന്യുമറേഷന് നടന്നു. സെല്‍ഫ് എന്യുമറേഷന് ബോധവത്കരണത്തിനായി പല കേന്ദ്രങ്ങളിലും കോളജ് വിദ്യാര്‍ഥികള്‍ ഭവന സന്ദര്‍ശനവും നടത്തുന്നുണ്ട്.
ജില്ലയില്‍ ഇന്നലെവരെ ആകെ 20,109 പേര് സെല്‍ഫ് എന്യുമറേഷന് നടത്തി. 30 വരെ https://se.census.gov.in/ വഴി കുടുംബങ്ങള്‍ക്ക് സെല്‍ഫ് എന്യുമറേഷന് നടത്താം. വിശദവിവരങ്ങള്‍ മനസിലാക്കുന്നതിന് മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളില്‍ ട്യൂട്ടോറിയല്‍ വീഡിയോകളും പോര്‍ട്ടലില്‍ ഉണ്ട്. സെല്‍ഫ് എന്യുമറേഷന് ചെയ്ത ശേഷം ലഭിക്കുന്ന 11 അക്ക എസ്ഇഐഡി പിന്നീട് എന്യുമറേറ്റർമാർ വീടുകളില്‍ എത്തുമ്പോള്‍ അവര്‍ക്ക് നല്‍കണം.