വിഷ്ണു
ചാത്തന്നൂർ: പാരിപ്പള്ളി കൊടിമൂട്ടിൽ ക്ഷേത്രത്തിനു സമീപം റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറും ഓട്ടോറിക്ഷയും തീ കത്തി നശിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പാരിപ്പള്ളി കോട്ടയ്ക്കേറം വിഷ്ണു ഭവനിൽ വിഷ്ണുവാണ് (38) പിടിയിലായത്. കോട്ടയ്ക്കേറം സ്വദേശികളായ സൂരജിന്റെ കാറും ഷാജിയുടെ ഓട്ടോറിക്ഷയും കത്തി നശിച്ച കേസിലാണ് അറസ്റ്റ്. വാക്കു തർക്കത്തെത്തുടർന്നുള്ള അടിപിടിയാണ് ഓട്ടോ കത്തിക്കലിലേക്കെത്തിച്ചതെന്നു പോലീസ് പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച അർധരാത്രിക്കു ശേഷമാണ് സംഭവം. വീട്ടിൽ വാഹനം കയറാത്തതിനാൽ റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് കത്തിയത്. സംഭവ ദിവസം ഓട്ടോ ഡ്രൈവർ ഷാജി, വിഷ്ണുവിന്റെ പിതാവിനെ അസഭ്യം പറഞ്ഞെന്ന് ആരോപിച്ചു വാക്കു തർക്കവും അടിപിടിയും നടന്നിരുന്നു.
ഇതിനു പിന്നാലെ അർധരാത്രിക്കു ശേഷം പെട്രോൾ ഒഴിച്ച് ഓട്ടോകത്തിച്ചു. സമീപത്തു കിടന്ന കാറി ലേക്കും തീ പടർന്നു പൂർണമായും കത്തി. പമ്പിൽ നിന്നു വിഷ്ണു കുപ്പിയിൽ പെട്രോൾ വാങ്ങിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചു. ശാസ്ത്രീയ പരിശോധനയിൽ ഓട്ടോ കത്തിച്ചതാണെന്നുള്ള സൂചനകളും ലഭിച്ചിരുന്നു.
അടിപിടിയിലും വാഹനങ്ങൾ കത്തി നശിച്ചതിലും പോലീസ് വെവ്വേറെ കേസുകൾ എടുത്തു നടത്തിയ അന്വേഷണത്തിലാണ് വാഹനം കത്തിച്ചതാണെന്നു കണ്ടെത്തി പ്രതിയെ പിടികൂടിയത്. പാരിപ്പള്ളി ഇൻസ്പെക്ടർ സുജിത്, എസ്ഐ രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലെ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Tags : Local News Nattuvishesham Kollam