കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ പട്ടികവർഗ മേഖലയിലെ വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ് ശില്പശാലയും പ്ലസ് വൺ ഏകജാലക ഹെല്പ് ഡെസ്കും ആറളം ഗ്രാമപഞ്ചായ
ഇരിട്ടി: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ പട്ടികവർഗ മേഖലയിലെ വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ് ശില്പശാലയും പ്ലസ് വൺ ഏകജാലക ഹെല്പ് ഡെസ്ക്കും ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ശോഭ ഉദ്ഘാടനം ചെയ്തു. വളയംചാൽ കുടുംബശ്രീ ഓഫീസിൽ നടന്ന പരിശീലന പരിപാടി പഞ്ചായത്ത് അംഗം കെ.കെ. സബിത അധ്യക്ഷത വഹിച്ചു.
കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ പ്രവർത്തിക്കുന്ന ആറളം, കേളകം, കൊട്ടിയൂർ സ്പെഷ്യൽ പ്രൊജക്റ്റുകളുടെ ഭാഗമായാണ് ഏകദിന കരിയർ ഗൈഡൻസ് ശില്പശാലയും പ്ലസ് വൺ ഏകജാലക ഹെൽപ് ഡെസ്ക് ഉദ്ഘാടനവും സംഘടിപ്പിച്ചത്. എസ് എസ് എൽ സി പാസ്സായ കുട്ടികൾക്ക് ഏകജാലക പ്രവേശനം സംബന്ധിച്ചും വിവിധ മേഖലകളിലെ കോഴ്സുകൾ പരിചയപ്പെടുത്തുവാനും അഭിരുചിക്കനുസരിച്ചുള്ള കോഴ്സുകൾ തെരഞ്ഞെടുക്കാൻ പ്രാപ്തരാക്കുകയുമാണ് പരിശീലനം ലക്ഷ്യമാക്കുന്നതാണ്.
ആറളം ഫാമിംഗ് കോർപറേഷൻ എംഡി എസ്. സുജീഷ് മുഖ്യാഥിതിയായി. ആറളം സ്പെഷ്യൽ പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ പി. സനൂപ് പദ്ധതി വിശദീകരണം നടത്തി. കരിയർ കൗൺസിലർ ഒ.വി. പുരുഷോത്തമൻ ക്ലാസ് നയിച്ചു. സി ഡി എസ് മെമ്പർ എം. ഷീബ , ഊരുമൂപ്പൻ തലക്കുളം ഗോപാലൻ , സി ഡി എസ് ചെയർപേഴ്സൺ എ.കെ. രജനി, കെ. അക്ഷയ എന്നിവർ പ്രസംഗിച്ചു . പരിപാടിയിൽ 50 ഓളം വിദ്യാർഥികൾ പങ്കെടുത്തു.